ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോട്ട്മുണ്ടിനെതിരെ റയലിന് തകർപ്പൻ ജയം. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് റയലിന്റെ വിജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയപ്പോൾ ,ഗാരത് ബെയ്‌ലും ലക്ഷ്യം കണ്ടു. ഇതാദ്യമായാണ് ബൊറൂസിയയുടെ തട്ടകത്തിൽ റയൽ മാഡ്രിഡ് വിജയം ആഘോഷിക്കുന്നത്.

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മൈതാനത്ത് വിജയക്കൊടി പാറിപ്പിക്കുക എന്നത് റയൽ മാഡ്രിഡിന് ഇതുവരെ സാധിക്കാത്ത കാര്യമായിരുന്നു. എന്നാൽ ഇത്തവണ സൂപ്പർ താരങ്ങൾ ഫോമിലേക്ക് ഉയർന്നപ്പോൾ റയൽ വിജയം വെട്ടിപ്പിടിച്ചു. മത്സരത്തിന്റെ 18 മിനിറ്റിൽ ഗാരത് ബെയ്‌ലാണ് ആദ്യ വെടി പൊട്ടിച്ചത്. വലത് വിങ്ങർ കാർവഹാലിന്റെ ക്രോസ് മനോഹരമായി ബെയ്ൽ എതിരാളികളുടെ വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ബെയ്ൽ നൽകിയ പാസിൽ നിറയൊഴിച്ച് റൊണാൾഡോ റയലിന്റെ ലീഡ് ഉയർത്തി. എന്നാൽ തൊട്ടടുത്ത മിനുറ്റിൽ ഒബമയാങ്ങിലൂടെ ഡോർട്ട്മുണ്ട് ഒരു ഗോൾ മടക്കി. എന്നാൽ 79-ാം മിനിറ്റിൽ തകർപ്പൻ ഒരു​ ഷോട്ടിലൂടെ ക്രിസ്റ്റ്യാനോ ഡോർട്ട്മുണ്ടിന്റെ കഥകഴിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ