മെൽബൺ: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടമാണ് ബ്രസീലും അർജന്റീനയും തമ്മിലുള്ളത്. ചിരവൈരികളായ ലാറ്റിൻഅമേരിക്കൻ ശക്തികൾ തമ്മിലുള്ള മറ്റൊരു ക്ലാസിക്ക് പോരിന് കളം ഒരുങ്ങിയിരിക്കുകയാണ്. ഓസ്ട്രേലിയയിലെ മെൽബണിൽ നാളെയാണ് മഞ്ഞപ്പടയും നീലപ്പടയും മുഖാമുഖം വരുന്നത്. ക്ലാസിക്ക് പോരിന് ഗ്ലാമർ പകരാൻ അർജന്റീനയുടെ കുപ്പായത്തിൽ ലിയണൽ മെസി കളിക്കുന്നുണ്ട്. എന്നാൽ ബ്രസീലുകാരുടെ അഭിമാനതാരം നെയ്മർ നാളത്തെ മത്സരത്തിന് ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.

അർജന്റീനയുടെ പരിശീലകനായി ഹോർഗെ സാംപോളി ചുമതലയേറ്റതിന് ശേഷം നടക്കുന്ന ആദ്യ മത്സരമാണ് ഇത്. ചിലിക്ക് കോപ്പ അമേരിക്ക കിരിടം 2 തവണ നേടിക്കൊടുത്ത പരിശീലകനാണ് സാംപോളി. 2019 ൽ നടക്കുന്ന ലോകകപ്പ് ലക്ഷ്യം വെച്ചാണ് അർജന്റീന സാംപോളിയെ പരിശീലകനാക്കിയത്. ലിയണൽ മെസിയെക്കൂടാതെ പൗളോ ഡിബാലയും, എൻജൽ ഡിമരിയയും നാളെ നടക്കുന്ന മത്സരത്തിൽ കളിക്കും.

ബ്രസീൽ നിരയിൽ നെയ്മറില്ലെങ്കിലും ലോകോത്തരതാരങ്ങൾക്ക് അവർക്ക് ക്ഷാമമില്ല. ഫിലിപ്പ് കുട്ടീഞ്ഞോ, ഗബ്രിയേൽ ജിസസ്, ഡഗ്ലസ് കോസ്റ്റ എന്നിവർ മുന്നേറ്റനിരയിലും , ഡേവിഡ് ലൂയിസ്, തിയാഗോ സിൽവ എന്നിവർ പ്രതിരോധത്തിലും ബ്രസീലിന് കരുത്താകും. കാസിമേറോ, ബാർബോസ തുടങ്ങിയ കൗമാരതാരങ്ങളും മഞ്ഞപ്പടയുടെ കരുത്താണ്.

അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ബ്രസീലിനൊപ്പമായിരുന്നു വിജയം. ലോകകപ്പ് യോഗ്യത മത്സരത്തിൽ മെസിയുടെ നേത്രത്വത്തിൽ ഇറങ്ങിയ അർജന്റീനയെ മറുപടി ഇല്ലാത്ത 3 ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്. ബ്രസീലും അർജന്റീനയും ഇത് 108 ആം തവണയാണ് മുഖാമുഖം വരുന്നത്. ഇതി 44 തവണയാണ് ബ്രസീൽ വിജയം രുചിച്ചത്. 38 തവണയാണ് അർജന്റീനയുടെ നീലപ്പടയ്ക്ക് ജയം നേടാനായത്. 25 മത്സരങ്ങൾ സമനിലയിലും പിരിഞ്ഞു.

ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ലോകം കാത്തിരിക്കുന്ന പോരാട്ടം നടക്കുന്നത്. 1 ലക്ഷത്തോളം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന മൈതാനമാണ് മെൽബണിലേത്. മത്സരത്തിനായുള്ള ടിക്കറ്റുകളെല്ലാം ഇതിനകം തന്നെ വിറ്റുകഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ