കലിംഗ: നിർണ്ണായകമായ മൽസരത്തിൽ ബെംഗളൂരുവിനെതിരെ ജംഷഡ്‌പൂർ തോറ്റതോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും ജീവൻ വച്ചു. ജംഷഡ്‌പൂർ എഫ്സി അടുത്ത മൽസരം തോൽക്കുകയോ അല്ലെങ്കിൽ സമനിലയിലാവുകയോ ചെയ്യുകയും കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മൽസരം വിജയിക്കുകയും ചെയ്താൽ മഞ്ഞപ്പടയാകും പ്ലേ ഓഫിൽ കടക്കുക.

കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മൽസരത്തിൽ, ബെംഗളൂരുവിന്റെ കുതിപ്പ് തടയാൻ ജംഷഡ്‌പൂരിന് സാധിച്ചില്ല. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബെംഗളൂരുവിന്റെ വിജയം. ഒത്തിണക്കത്തോടെ കളിച്ച ബെംഗളൂരുവിനെ സമ്മർദ്ദത്തിലാക്കാൻ ജംഷഡ്‌പൂരിന് സാധിച്ചില്ല. ഒന്നാം പകുതിയില്‍ മിക്കുവും (23-പെനാല്‍ട്ടി) സുനില്‍ ഛേത്രിയും (34) നേടിയ ഗോളുകളാണ് ബെംഗളൂരുവിന് വിജയം നേടിക്കൊടുത്തത്.

എന്നാൽ കേരളത്തിനെ ഞെട്ടിച്ച് എഫ്സി ഗോവ ഇന്നലെ നടത്തിയ കുതിപ്പ് അവരുടെ സെമിഫൈനൽ സാധ്യതകളും സജീവമാക്കിയിട്ടുണ്ട്. പ്ലേ ഓഫിന്റെ പടിവാതിലിൽ നിൽക്കുന്ന പുണെ സിറ്റി എഫ്സിയെ എതിരില്ലാത്ത നാല് ഗോളിനാണ് എഫ്സി ഗോവ തകർത്തത്.

മാനുവല്‍ ലാന്‍സറോട്ടി (28-പെനാല്‍ട്ടി), ഹ്യൂഗോ ബൗമൂസ് (48), ഫെറാന്‍ കോറോമിനാസ് (58, 65-പെനാല്‍ട്ടി) എന്നിവരുടെ ഗോളുകളാണ് ഗോവയ്ക്ക് വമ്പന്‍ ജയം സമ്മാനിച്ചത്. ഒരു മൽസരം അവശേഷിക്കുന്ന ഈ മൂന്ന് ടീമുകൾക്കും അടുത്ത മൽസരം ജയിച്ചേ മതിയാകൂ. മറ്റ് രണ്ടുപേരും തോറ്റാൽ ജയിക്കുന്നയാൾക്ക് പ്ലേ ഓഫിലെത്താം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ