ന്യൂഡൽഹി: കാഴ്ചപരിമിതരുടെ ട്വന്റി20 ക്രിക്കറ്റ് ലോക കിരീടം നേടിയ ഇന്ത്യൻ ടീമിന് ഒടുവിൽ ബിസിസിഐയുടെ പാരിതോഷികം. ടീമിന് ഒരുകോടി രൂപ പാരിതോഷികം നൽകാൻ ബിസിസിഐ തീരുമാനിച്ചു. മുൻ സിഎജി വിനോദ് റായിയുടെ നേതൃത്വത്തിലുളള പുതിയ ഭരണസമിതിയാണ് തീരുമാനമെടുത്തത്. രാമചന്ദ്ര ഗുഹ, വിക്രം ലിമായെ, ഡയാന എഡുൽജി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ബെംഗളൂരുവിൽ നടന്ന ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ഫൈനലിൽ ഒൻപതു വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ 197 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

ഇതിനു മുൻപ് പല തവണ സഹായവും അംഗീകാരവും ചോദിച്ച് ബിസിസിഐയ്ക്ക് കത്ത് എഴുതിയിട്ടുണ്ടെങ്കിലും അന്നൊന്നും ആരും അത് പരിഗണിച്ചിരുന്നില്ല. ഇപ്പോൾ ബിസിസിഐ എങ്ങനെയൊരു സഹായവുമായി മുന്നോട്ടുവന്നതിൽ സന്തോഷമുണ്ടെന്ന് ടീമിന്റെ പരിശീലകൻ പാട്രിക് രാജ്കുമാർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ