ന്യൂഡല്‍ഹി: ഐസിസിയുടെ വരും വര്‍ഷത്തെ മത്സരങ്ങള്‍ തീരുമാനിക്കുന്നതിനുളള യോഗം ഡിസംബര്‍ 7ന് സിംഗപ്പൂരില്‍ വെച്ച് ചേരും. വരാന്‍ പോകുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാനെ ഒഴിവാക്കി മറ്റ് ആറ് രാജ്യങ്ങളായിരിക്കും ഇന്ത്യയുടെ എതിരാളികളെന്ന് ബിസിസിഐ ഐസിസിയെ അറിയിക്കും. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരായിരിക്കും ഇന്ത്യയുടെ ആറ് എതിര്‍ ടീമുകളെന്നാണ് വിവരം.

2019ല്‍ തുടങ്ങുന്ന മത്സരങ്ങളില്‍ രണ്ട് വര്‍ഷത്തേക്ക് ഒമ്പത് മികച്ച ടീമുകള്‍ ആറ് സീരീസികളില്‍ കളിക്കും. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരവുമായുള്ള ചോദ്യത്തിന് ഒരു ഉന്നത ബിസിഐ ഉദ്യോഗസ്ഥൻ നൽകിയ മറുപടി ഇങ്ങിനെ. “ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കായിക മന്ത്രാലയം അല്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രാലയവുമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ട മറ്റ് രണ്ട് പേർ. കായിക മന്ത്രാലയത്തിന്റെ നിലപാടറിഞ്ഞ ശേഷം മറ്റുള്ളവരെ ബന്ധപ്പെടും”, അദ്ദേഹം പറഞ്ഞു.

2013-13 ഇന്ത്യ ആതിഥേയത്വം വഹിച്ച മൂന്ന് ഏകദിനങ്ങളുടെയും രണ്ട് ട്വന്റി ട്വന്റി മത്സര പരിമ്പരയ്ക്കും ശേഷം ഇതേവരെ ഇരുരാജ്യങ്ങളും ക്രിക്കറ്റ് മൈതാനത്ത് നേർക്കുനേർ ഏറ്റുമുട്ടിയിട്ടില്ല. അന്ന് ട്വന്റി ട്വന്റി സീരീസ് സമനിലയിലായപ്പോൾ ഏകദിന പരമ്പര പാക്കിസ്ഥാൻ 2-1 ന് ജയിച്ചിരുന്നു.

ഐസിസിയുടെ പുതിയ ചാംപ്യൻസ് ട്രോഫി ടെസ്റ്റ് മത്സര നിബന്ധനകൾ പ്രകാരം എല്ലാ അംഗ രാജ്യങ്ങളും തങ്ങളുടെ മൈതാനത്തും മറ്റ് അംഗരാജ്യങ്ങളുമായും മത്സരം കളിച്ചിരിക്കണം. കളിക്കാൻ വിസമ്മതിക്കുന്ന രാജ്യത്തിന് പോയിന്റ് നഷ്ടപ്പെടും. ഈ നിബന്ധന പ്രകാരം ഇന്ത്യയിലും പാക്കിസ്ഥാനിലുമായി മൂന്ന് ടെസ്റ്റ് മത്സരങ്ങളെങ്കിലും ഇരുരാജ്യങ്ങളും കളിച്ചിരിക്കണം.

2015 നും 2023 നും ഇടയിൽ ആറ് പരമ്പരകൾ കളിക്കാൻ നേരത്തേ ബിസിസിഐയും പിസിബിയും തീരുമാനിച്ചിരുന്നു. എന്നാൽ 2015 ൽ പാക്കിസ്ഥാനിൽ ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് ഇന്ത്യ പിന്മാറി. ഇതേ തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോർഡ് നോട്ടീസ് അയച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ