ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പുതിയ ഗ്രേഡിംഗ് ബിസിസിഐ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയേയും മഹേന്ദ്രസിംഗ് ധോണിയേയും നേതൃത്യനിരയില്‍ പ്രതിഷ്ഠിച്ചാണ് ഗ്രേഡ് കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. ബുധനാഴ്ച പ്രഖ്യാപിച്ച 2017-18 വർഷത്തേക്കുള്ള വാർഷിക കരാറിലാണ് ഇതു സംബന്ധിച്ചു പരാമർശമുള്ളത്.

കളിക്കാരുടെ കരാർ തുകയും ഇരട്ടിയായി ബിസിസിഐ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എ ഗ്രേഡ് കളിക്കാർക്ക് രണ്ടു കോടി രൂപയാണ് പ്രതിഫലം ലഭിക്കുക. ബി, സി ഗ്രേഡ് താരങ്ങൾക്ക് യഥാക്രമം ഒരു കോടി, 50 ലക്ഷം രൂപയും പ്രതിഫലം ലഭിക്കും. ഒരു ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപയും ഏകദിന മത്സരത്തിന് ആറു ലക്ഷം രൂപയും ട്വന്‍റി 20 മത്സരത്തിന് മൂന്നു ലക്ഷം രൂപയുമാണ് പ്രതിഫലമായി ലഭിക്കുന്നത്.

പുതിയ പട്ടിക പ്രകാരം രവീന്ദ്ര ജഡേജയെയും ചേതേശ്വർ പുജാരയെയും എ ഗ്രേഡിലേക്ക് ഉയർത്തിയിട്ടുണ്ട്. വിരാട് കോഹ്ലി, എം.എസ്.ധോണി, മുരളി വിജയ് ആർ.അശ്വിൻ, അജിങ്ക്യ രഹാനെ എന്നിവരാണ് എ ഗ്രേഡിലുള്ള മറ്റുതാരങ്ങൾ.

രോഹിത് ശർമ, കെ.എൽ.രാഹുൽ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷാമി, ഇശാന്ത് ശർമ, ഉമേഷ് യാദവ്, വൃദ്ധിമാൻ സാഹ, ജസ്പ്രീത് ബുംറ, യുവരാജ് സിംഗ് എന്നിവരാണ് ബി ഗ്രേഡിലുള്ളത്.

മലയാളി താരം കരുണ്‍ നായർ സി ഗ്രേഡിലാണ് ഉള്ളത്. യുവതാരം റിഷഭ് പന്ത് സി ഗ്രേഡിൽ ഇടംപിടിച്ചിട്ടുണ്ട്. ശിഖർ ധവാൻ, അന്പാട്ടി റായിഡു, അമിത് മിശ്ര, മനീഷ് പാണ്ഡെ, അക്സർ പട്ടേൽ, കരുണ്‍ നായർ, ഹാർദിക് പാണ്ഡ്യ, ആശിഷ് നെഹ്റ, കേദാർ യാദവ്, യുസ്വേന്ദ്ര ചാഹൽ, പാർത്ഥിവ് പട്ടേൽ, ജയന്ത് യാദവ്, മൻദീപ് സിംഗ്, ധവാൽ കുൽക്കർണി, ഷർദുൽ ഠാക്കൂർ, റിഷഭ് പന്ത് എന്നിവരാണ് മറ്റ് ബി ഗ്രേഡ് താരങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ