സൂപ്പർ താരം നെയ്മർ ജൂനിയർ ക്ലബ് വിട്ടതിന് പിന്നാലെ മറ്റൊരു സൂപ്പർ താരത്തെ ടീമിൽ എത്തിച്ച് ബാഴ്സിലോണ. ഫ്രഞ്ച് ദേശീയ ടീമിലെ പുത്തൻ താരോദയമായ ഉസ്മാൻ ഡെംബേലെയാണ് ബാഴ്സിലോണ ടീമിൽ എത്തിച്ചിരിക്കുന്നത്. ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ട്രാൻസ്ഫർ തുകയ്ക്കാണ് 20 വയസ്സ്കാരനായ ഡെംബേലെ കാറ്റലോണിയിൽ എത്തുന്നത്. 105 മില്യൺ യൂറോയാണ് ഡെംബേലയ്ക്കായി ബാഴ്സിലോണ മുടക്കിയിരിക്കുന്നത്.

5 വർഷത്തേക്കാണ് ഡെംബേലയുമായി കരാറിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ആണ് ബൊറൂസ്യ ഡോട്ട്മുണ്ടില്‍ 20കാരനായ ഡെംബേല എത്തിയത്. 32 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളും ഈ യുവതാരം നേടിയിരുന്നു. ഇതിനിടെ ഫ്രഞ്ച് ദേശീയ ടീമുലും അരങ്ങേറിയ ഈ യുവതാരം ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും നേടിയിരുന്നു.

അതേസമയം ബ്രസീലിയൻ താരം ഫിലിപ്പ് കുട്ടീഞ്ഞോയെ ടീമിൽ എത്തിക്കാനും ബാഴ്സിലോണ ശ്രമിക്കുന്നുണ്ട്. കുട്ടീഞ്ഞോയോമായിട്ടുള്ള അവസാന വട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് സൂചന. ആഗസ്റ്റ് 31 ന് ട്രാൻസ്ഫർ വിൻഡോ പൂർത്തിയാകുന്നതിന് മുൻപ് ലിവർപൂൾ താരത്തെ സ്വന്തമാക്കാൻ കഴിയുമെന്നാണ് ബാഴ്സിലോണ അധികൃതരുടെ പ്രതീക്ഷ.

ബാഴ്സിലോണയുടെ പ്രധാന താരമായ നെയ്മർ 222 മില്യണ്‍ യൂറോയ്ക്കാണ് പിഎസ്ജിയിലേക്ക് ചേക്കേറിയത്. ഇതോടെയാണ് ബാഴ്സലോണ നെയ്മറുടെ പകരക്കാരനെ ടീമിൽ എത്തിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ