ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച വലതു വിങ്ങറായാണ് ബ്രസിലിയൻ താരം ഡാനി ആൽവേസ് അറിയപ്പെടുന്നത്. സ്പാനിഷ് ക്ലബായ ബാഴ്സിലോണയിലൂടെയാണ് ഡാനി ആൽവേസിനെ ലോകം അറിയുന്നത്. ഗോളിലേക്കുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഗോളടിക്കുന്നതിലും വിദഗ്ദനായ ആൽവേസ് ക്ലബ് വിട്ടതിന് ശേഷം അതേപോലൊരു താരത്തിനായുള്ള അന്വേഷണത്തിലായിരുന്നു ബാഴ്സ. ആൽവേസിന്റെ പകരക്കാരനായുള്ള ബാഴ്സിലോണോയുടെ 2016 മുതലുള്ള കാത്തിരിപ്പ് പോർച്ചുഗൽ​ താരം നെൽസൻ സെമേഡോയിൽ എത്തിയിരിക്കുകയാണ്.

പോർച്ചുഗീസ് ക്ലബായ ബെൻഫീക്കയുടെ താരമാണ് നെൽസൻ സെമേഡോ. 22കാരനായ സെമേഡോ ഇതിനകം തന്നെ ദേശീയ കുപ്പായത്തിൽ കളിച്ചിട്ടുമുണ്ട്. കഴിഞ്ഞ കോൺഫെഡറേഷൻ കപ്പിൽ മൂന്നാം സ്ഥാനം നേടിയ പോർച്ചുഗൽ ടീമിലെ അംഗവുമാണ് സെമേഡോ.

കഴിഞ്ഞ സീസണിൽ ബെൻഫീക്കയ്ക്കായി 31 മത്സരങ്ങൾ കളിച്ച നെൽസൻ സെമേഡോ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഗോൾ നേടുകയും 6 എണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു ഈ യുവതാരം. 33 ഗോൾഅവസരങ്ങളാണ് സെമേഡോ സൃഷ്ടിച്ചത്.

ഡ്രിബിളിങ്ങിലും , ക്രോസിങ്ങിലും അസാമാന്യ മികവാണ് നെൽസൻ സെമേഡോ പുറത്തെടുക്കുന്നത്. 30 മില്യൺ യൂറോയ്ക്കാണ് സെമേഡോ ബാഴ്സിലോണയിലേക്ക് ചേക്കേറുന്നത്. താരകൈമാറ്റ വിപണിയിൽ ബാഴ്സിലോണ ഈ സീസണിൽ സ്വന്തമാക്കുന്ന ആദ്യ താരമാണ് നെൽസൻ സെമേഡോ. 2016 മുതലുള്ള 2 സീസണുകളിൽ യുവതാരം സെർജിയോ റൊബേർട്ടോയായിരുന്നു ബാഴ്സിലോണയുടെ വലത് വിങ്ങർ. സെവിയയിൽ നിന്ന് എത്തിച്ച അലക്സ് വിഡാലും വലതു വിങ്ങറായി കളിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ