ഇസ്തംബുൾ: മാധ്യമപ്രവര്‍ത്തകനെ തല്ലിയ സംഭവത്തെ തുടര്‍ന്ന് തുര്‍ക്കി ഫുട്‌ബോള്‍ ടീം നായകൻ അര്‍ദ ടുറാന്‍ ദേശീയ ടീമില്‍ നിന്നും പടിയിറങ്ങുന്നതായി പ്രഖ്യാപിച്ചു. എന്നാല്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നില്ലെന്നും ധാർമിക വശം പരിശോധിച്ചാണ് രാജിവെക്കുന്നത് എന്നും ടുറാൻ പറഞ്ഞു.

മാസിഡോണിയയില്‍ നടന്ന സൗഹൃദ മത്സരത്തിന് ശേഷം മടങ്ങുന്ന വഴി ദേശീയ ടീം സഞ്ചരിച്ച വിമാനത്തില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകനെ താരം മര്‍ദിച്ചത്. വിമാനം പുറപ്പെട്ട ഉടന്‍ മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്തു സംസാരിക്കുകയും ഇടിക്കുകയുമായിരുന്നു. താരത്തിനെതിരെ നിയമനടപടി എടുക്കുമെന്ന് മാധ്യമ പ്രവർത്തകൻ അറിയിച്ചു.

എന്നാല്‍ റിപ്പോര്‍ട്ടറെ മര്‍ദിച്ചതില്‍ തനിക്ക് ഖേദമില്ലെന്നും ഇത് താന്‍ നേരത്തെ തന്നെ ഉദ്ദേശിച്ചതാണെന്നും ടുറാന്‍ പറഞ്ഞു. 2016 യൂറോകപ്പിനിടെ തന്നെയും തന്റെ കുടുംബത്തെയും അവഹേളിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ടര്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നുവെന്നും ടുറാന്‍ പറഞ്ഞു. ദേശീയ ജഴ്‌സിയില്‍ താന്‍ റിപ്പോര്‍ട്ടറെ മര്‍ദിച്ചത് കൊണ്ടാണ് താന്‍ രാജിവെക്കുന്നതെന്നും അത് തന്റെ ടീമിനും രാജ്യത്തിനും നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനായി 94 മത്സരങ്ങളില്‍ നിന്ന് 17 ഗോളുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. സ്പാനിഷ് കരുത്തര്‍ ബാഴ്‌സലോണയുടെ മധ്യനിര താരമാണ് ടുറാന്‍. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഗ്രൂപ്പ് വണ്ണില്‍ നാലാം സ്ഥാനത്താണ് തുര്‍ക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ