ബാഴ്‌സിലോണ: പിഎസ്‌ജിയ്‌ക്കെതിരെ കണക്കു തീത്ത് ചാംപ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയ ബാഴ്‌സലോണയ്ക്ക് അടിതെറ്റി. സ്പാനിഷ് ലാ ലീഗിൽ താരതമ്യേന ദുർബലരായ ഡിപോർട്ടിവോ ലാ കൊറൂണയോടാണ് 2-1 ന് ബാഴ്സ തോറ്റത്. ഇതോടെ സ്പാനിഷ് ലീഗിൽ ബാഴ്സ രണ്ടാം സ്ഥാനത്തായി.

റയൽ ബെറ്റിസിനെതിരായ മത്സരത്തിൽ 2-1 ന് വിജയിച്ച റയർ മാഡ്രിഡ് മുന്നേറിയതാണ് ബാഴ്സലോണയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമാകാൻ കാരണം. ഡിപോർട്ടിവോയ്ക്കെതിരായ മത്സരത്തിൽ ആദ്യപകുതിയിൽ 1-0 ന് പിന്നിലായിരുന്നു ബാഴ്സ. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ ലൂയി സുവാരസിലൂടെ തിരിച്ചടിച്ച ബാഴ്സ 1-1 ന്റെ സമനില സ്വന്തമാക്കി.

എന്നാൽ അപ്രതീക്ഷിതമായി 74 മത്തെ മിനിറ്റിൽ മുന്നേറിയ ഡിപോർട്ടിവോ ബെർഗന്റിനോസിലൂടെ വിജയഗോൾ സ്വന്തമാക്കി. തുടരെ ആക്രമിച്ചെങ്കിലും ബാഴ്സയ്ക്ക് സമനിലയിലേക്ക് എത്താനായില്ല. പരിക്കേറ്റ നെയ്മർ ഈ മത്സരം കളിച്ചിരുന്നില്ല.

പട്ടികയിൽ 60 പോയിന്റുള്ള ബാഴ്സയെ മറികടന്ന് റയൽ ബെറ്റിസിനെതിരെ വിജയം നേടിയ റയൽ മാഡ്രിഡ് സ്പാനിഷ് ലീഗിൽ ഒന്നാമതായി. ഇവർക്ക് 61 പോയിന്റുണ്ട്. സെവിയ്യ 57 പോയിന്റോടെ മൂന്നാമതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ