ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഏകദിന പരമ്പര സ്വന്തമാക്കാൻ വിരാട് കോഹ്‌ലിക്ക് മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണി നൽകിയ നിർദ്ദേശങ്ങൾ ഏറെ തുണച്ചിട്ടുണ്ട്. ടീമിന്റെ പ്രതിസന്ധി ഘട്ടത്തിൽ പലപ്പോഴും ധോണിയുടെ വാക്കുകൾക്കാണ് കോഹ്‌ലി മുൻതൂക്കം നൽകിയിട്ടുളളത്. ഇന്ത്യൻ ടീമിൽ നിർണായക സാന്നിധ്യമായി ധോണി തുടരുമ്പോഴും അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ചുളള സംശയങ്ങൾ വീണ്ടും ഉയരുകയാണ്.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ബാറ്റിങ്ങിൽ ധോണിക്ക് വിമർശകരുടെ വായടിപ്പിക്കത്തക്ക പ്രകടനമൊന്നും നടത്താനായില്ല. ഈ സാഹചര്യത്തിൽ ഏകദിന ക്രിക്കറ്റിൽനിന്നും ധോണി വിരമിക്കുന്നതിനെക്കുറിച്ചുളള ചോദ്യം വീണ്ടും ഉയരുകയാണ്. ഇത്തരത്തിൽ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ചോദിച്ച ഒരു ആരാധകന് ചുട്ട മറുപടി നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. ധോണി വിരമിക്കുമോ എന്നായിരുന്നു ആകാശ് ചോപ്രയോട് ആരാധകൻ ചോദിച്ചത്.

ഇതിന് നല്ല കലക്കൻ മറുപടിയാണ് ആകാശ് ചോപ്ര നൽകിയത്. ”ധോണി വിരമിക്കണമെന്ന് പറയാൻ ഒരാൾക്കും അവകാശമില്ല. ഒരിക്കൽക്കൂടി ആവർത്തിക്കുന്നു… ഒരാൾക്കും” ഇതായിരുന്നു ആകാശ് ചോപ്ര ട്വീറ്റ് ചെയ്തത്.

അടുത്തിടെ ധോണിയുടെ ഫോമിനെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നപ്പോൾ പിന്തുണച്ച് ഇന്ത്യയുടെ ഫീൽഡിങ് കോച്ച് ആർ.ശ്രീധർ രംഗത്തെത്തിയിരുന്നു. ലോകത്തിൽ വച്ച് ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ധോണിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ