അന്തരിച്ച ബോളിവുഡ് നടന്‍ ഇന്ദര്‍ കുമാര്‍ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങളെന്ന അടക്കുറിപ്പോടെ വീഡിയോ പ്രചരിച്ചു. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രത്തിന് വേണ്ടി എടുത്ത രംഗമാണെന്ന് പറഞ്ഞ് ഇന്ദറിന്റെ ഭാര്യ പല്ലവി സറഫ് രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇന്ദര്‍ മരിച്ചത്.

44 വയസായിരുന്നു. അന്ധേരിയിലെ സ്വവസതിയില്‍ വച്ചായിരുന്നു മരണം. 1996ല്‍ മാസൂം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 20ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡില്‍ സഹനടനായാണ് അദ്ദേഹം അഭിനയിച്ചിട്ടുളളത്.

തിര്‍ച്ചി ടോപ്പിവാലെ (1998), കഹി പ്യാര്‍ ന ഹോ ജായെ (2000), പേയിംഗ് ഗസ്റ്റ് (2009), വാണ്ടഡ് (2009) എന്നീ ചിത്രങ്ങളിലും സഹതാരമായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. യെ ദൂരിയാന്‍ എന്ന ചിത്രത്തില്‍ 2011ലാണ് അദ്ദേഹം അവസാനമായി ബോളിവുഡില്‍ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ ഫാട്ടി പാഡി ഹെ യാര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയാണ്. ഇതിനിടെയാണ് ഇന്ദറിന്റെ മരണം.

സല്‍മാന്‍ ഖാന്റെ കുടുംബവുമായി അടുത്ത ബന്ധമുളള ഇന്ദര്‍ സല്‍മാനുമായി പല ചിത്രങ്ങളിലും സഹകരിച്ചിട്ടുണ്ട്. 2014ല്‍ ഒരു ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് അദ്ദേഹം അറസ്റ്റിലായിരുന്നു. എന്നാല്‍ ബലാത്സംഗം അല്ല നടന്നതെന്നും താനും സ്ത്രീയും തമ്മില്‍ ബന്ധമുണ്ടായിരുന്നതായും ഇന്ദര്‍ പിന്നീട് വെളിപ്പെടുത്തി. ഈ കഥയും ചേര്‍ത്തായിരുന്നു വീഡിയോ പ്രചരിച്ചത്. ബലാത്സംഗ കേസില്‍ അകപ്പെട്ടതിന്റെ മനോവിഷമം കാരണമാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നായിരുന്നു പ്രചരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ