സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതി ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ കർണി സേന പ്രതിഷേധം ശക്തമാക്കുകയാണ്. ഇതിനിടയിലും ചിത്രത്തിന്റെ ട്രെയിലറിനും പാട്ടുകൾക്കും ആഗോളതലത്തിൽനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിൽതന്നെ ദീപികയുടെ ഗൂമർ ഗാനമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഗാനത്തിന്റെ പല വെർഷനുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാവുകയാണ്. നേരത്തെ പോപ് ഗായിക ഷക്കീറയുടെ ദൃശ്യങ്ങൾ ചേർത്തുവച്ച് ആരാധകർ ഗൂമർ ഗാനം പുറത്തിറക്കിയിരിക്കുന്നു. ഇപ്പോൾ അതിലും വളരെ രസകരമായ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ഗൂമർ ഗാനത്തിന്റെ വരികൾക്കനുസരിച്ച് ഒരു ഗൊറില്ല നൃത്തം ചെയ്യുന്ന വിഡിയോയാണ് വൈറലായത്. വിഡിയോ കൗതുകമുണർത്തുന്നതാണ്. ദീപികയുടെ ഡാൻസിനെ ഓർമിപ്പിക്കുംവിധമാണ് ഗൊറില്ലയുടെ ഡാൻസ്. വിഡിയോ കണ്ടു കഴിയുമ്പോൾ ഗൊറില്ലയെ അഭിനന്ദിക്കാതിരിക്കാനാവില്ല. ഒപ്പം ചുണ്ടിൽ അറിയാതെ ചിരിയും വിരിയും.

ദീപിക പദുക്കോണിന്റെ ഡാൻസാണ് ഗൂമർ ഗാനത്തിന്രെ ഹൈലൈറ്റ്. ശ്രേയ ഘോഷലും സ്വരൂപ് ഖാനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. എ.എം.റ്റുറസിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സഞ്ജയ് ലീല ബൻസാലിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ