രണ്ടു കുഞ്ഞു കുട്ടികളുടെ വിഡിയോയാണ് ഇന്റർനെറ്റിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. തൊട്ടിലിൽ കിടക്കുന്ന അനിയനെ പുറത്തെത്തിക്കാൻ ചേട്ടൻ നടത്തുന്ന ശ്രമങ്ങളാണ് വിഡിയോയിലുളളത്. ചേട്ടന്റെ ശ്രമങ്ങൾ പരാജയപ്പെട്ടില്ല എന്നു വിഡിയോ കണ്ടു കഴിയുമ്പോൾ മനസ്സിലാകും. ജൂൺ ആറിന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം 32 മില്യൻ പേരാണ് കണ്ടു കഴിഞ്ഞത്.

തൊട്ടിലിൽ ഒരു കുഞ്ഞ് നിൽക്കുകയാണ്. അപ്പോഴേക്കും അവന്റെ ചേട്ടൻ തൊട്ടിലിനു അടുത്തേക്കു വരുന്നു. അനിയനെ എങ്ങനെ പുറത്തെത്തിക്കാം എന്നാണ് ചിന്ത. ഒടുവിൽ അവൻ ഒരു മാർഗം കണ്ടുപിടിച്ചു. ചെറിയൊരു കസേര തൊട്ടിലിനകത്തേക്ക് ഇട്ടുകൊടുത്തു. എന്നിട്ട് തൊട്ടിലിന്റെ അകത്തേക്കു വലിഞ്ഞുകയറി. അകത്തു കിടക്കുന്ന കസേരയിൽ കയറിനിന്ന് പുറത്തേക്ക് വന്നു. അനിയനോടും അതുപോലെ ചെയ്യാൻ പറഞ്ഞു. അനിയൻ ആദ്യം ഒന്നു മടിച്ചു നിന്നെങ്കിലും ചേട്ടൻ പകർന്ന ധൈര്യത്തിൽ കസേരയിൽ കയറി. പിന്നീട്ട് ചേട്ടന്റെ സഹായത്തോടെ പുറത്തെത്തി.

പുറത്തെത്തിയപ്പോൾ രണ്ടുപേർക്കും സന്തോഷം. അനിയനെ സ്നേഹത്തോടെ ചേട്ടൻ കെട്ടിപ്പിടിക്കുകയും കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നതാണ് വിഡിയോ. കുഞ്ഞുങ്ങളുടെ ബുദ്ധിക്കു മുന്നിൽ ആരും ചിലപ്പോൾ തോറ്റുപോകുമെന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ വിഡിയോ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ