ത്രിപുരയില്‍ ചരിത്ര വിജയവുമായി ബിജെപി അധികാരത്തിലേക്ക് എത്തുമ്പോള്‍ സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും തോല്‍വിയെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ. 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് അവസാനമിട്ട ത്രിപുരയാണ് ട്രോളുകളുടെ മുഖ്യ വിഷയം. നാഗാലാന്റിലേയും മേഘാലയിലേയും ബിജെപിയുടെ വിജയവും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി മാറുന്നുണ്ട്.

സിപിഎമ്മിന് പുറമെ കോണ്‍ഗ്രസിന്റെ പ്രകടനത്തേയും സോഷ്യല്‍ മീഡിയ പൊങ്കാലയിടുന്നുണ്ട്. പരാജയത്തെ കുറിച്ചുള്ള സിപിഎം പ്രവര്‍ത്തകരുടെ പ്രതികരണങ്ങളും ട്രോളുകള്‍ക്ക് വിഷയമാകുന്നുണ്ട്.

‘ചുവന്ന കൊടി ഇനി ഇന്ത്യന്‍ റെയില്‍വേയ്ക്ക് സ്വന്തം’, എന്നായിരുന്നു ഹിറ്റായി മാറിയ ഒരു ട്രോള്‍. സന്ദേശം സിനിമയിലെ രംഗങ്ങളും ട്രോളുകള്‍ക്ക് വിഷയമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം അവലോകം ചെയ്യുന്നതിനിടെ പ്രകാശ് കാരാട്ടിനോട് ബിജെപിയെന്നൊരു പാര്‍ട്ടിയെ മുമ്പിവിടെ കണ്ടിട്ടില്ലെന്ന് പറഞ്ഞ് ന്യായീകരിക്കുന്ന മണിക് സര്‍ക്കാരിന്റെ ട്രോളും ഹിറ്റായി മാറിയിട്ടുണ്ട്.

അതേസമയം, സിപിഎമ്മും ബിജെപിയും തമ്മില്‍ കിട്ടിയ വോട്ടുകളെ കുറിച്ച് പറയുമ്പോല്‍ ബിജുക്കുട്ടനെ പോലെ ‘ഒന്നും പറയാനില്ലെന്ന്’ പറയുന്ന കോണ്‍ഗ്രസും ട്രോളുകളിലെ സാന്നിധ്യമാണ്.

ചെങ്കോട്ടയായിരുന്ന ത്രിപുരയിലെ പരാജയത്തോടെ സിപിഎം ഭരിക്കുന്ന ഏക സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഇതിനേയും ചിലര്‍ ട്രോളുന്നുണ്ട്. മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായാണ് ത്രിപുരയിലെ ബിജെപി മുന്നേറ്റം. 59 സീറ്റില്‍ 40 ലധികവും ബിജെപി-ഐപിഎഫ്ടി സഖ്യം നേടുകയായിരുന്നു. 17 സീറ്റുകളാണ് സിപിഎം നേടിയത്.

അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 36 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ് ഇത്തവണ രണ്ട് ശതമാനത്തിലേക്ക് ഒതുങ്ങി.

ചില പ്രതികരണങ്ങള്‍ കാണാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ