ലണ്ടന്‍ : സംഗീതചക്രവര്‍ത്തി ഏ ആര്‍ റഹ്മാന്‍ ശനിയാഴ്ച ലണ്ടനിലെ വെംബ്ലിയില്‍ നടത്തിയ സംഗീത പരിപാടി ഇന്റര്‍നെറ്റില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ‘നേട്ര്, ഇന്‍ട്ര്, നാളൈ’ എന്നു പേരിട്ട പരിപാടിയുടെ പേരില്‍ യുദ്ധസമാനമായ സാഹചര്യമാണ് ഇപ്പോള്‍ ട്വിറ്ററില്‍ നിലനില്‍ക്കുന്നത്. കാരണം എന്തെന്നല്ലേ ? റഹ്മാന്‍ പാടിയ പാട്ടുകള്‍ മിക്കവാറും തമിഴിലാണ് എന്നതു തന്നെകാരണം.

ഏ ആര്‍ റഹ്മാന്‍ ആദ്യമായി സംഗീതം ചെയ്ത ചിത്രങ്ങള്‍ റോജയും യോദ്ധയുമാണ്. 1992ല്‍ പുറത്തിറങ്ങിയവ. പിന്നീട് മൂന്നു വര്‍ഷം കഴിഞ്ഞ് ഏതാണ്ട് ഇരുപതോളം ചിത്രങ്ങള്‍ക്ക് ശേഷമാണ് റഹ്മാന്‍ ആദ്യമായൊരു ഹിന്ദി സിനിമയ്ക്ക് സംഗീതം കൊടുക്കുന്നത് തന്നെ. ഇനി റഹ്മാന്റെ മുഴുവന്‍ സിനിമകള്‍ എടുത്താല്‍ അതില്‍ എഴുപത് ശതമാനവും തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യന്‍ ഭാഷകളിലായാണ്. രണ്ടായിരത്തിനു ശേഷമാണ് റഹ്മാന്‍ ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി തുടങ്ങിയത്. ഇതിലൊരു വലിയ നിര ചിത്രങ്ങള്‍ ബഹുഭാഷാ ചലച്ചിത്രങ്ങളാണ്.ഇനി വെംബ്ലിയിലെ റഹ്മാന്റെ സംഗീത നിശയുടെ പേര് ,’നേട്ര്, ഇന്‍ട്ര്, നാളൈ’ എന്നതും തമിഴില്‍ തന്നെ.

റഹ്മാന്‍റെ സംഗീതനിശയില്‍ ഹിന്ദിപാട്ടുകളില്ലായെന്നും തൊണ്ണൂറു ശതമാനം തമിഴ് ഗാനങ്ങളായിരുന്നുവെന്നും ആക്ഷേപിച്ചുകൊണ്ട് ടിക്കറ്റിന്‍റെ കാശുമടക്കികൊടുക്കാന്‍ ആവശ്യങ്ങളുയര്‍ന്നതാണ് തെന്നിന്ത്യയിലെ റഹ്മാന്‍ ആരാദകരെ ചൊടിപ്പിച്ചിരിക്കുന്നത്. സംഗീതത്തിനു ഭാഷയില്ലായെന്നു പറഞ്ഞു പലരും ട്വീറ്റു ചെയ്തപ്പോള്‍. നിര്‍ബന്ധിതമായി ഹിന്ദി ചുമത്തുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത് എന്നചോദ്യവും ഉയര്‍ന്നു. ‘റഹ്മാന്‍റെ പാട്ടുകള്‍ മിക്കതും തെന്നിന്ത്യന്‍ ഭാഷകളിലാണ് എന്നറിയില്ലേ’ എന്ന മറുചോദ്യമായിരുന്നു പരാതിക്കാര്‍ക്ക് ചിലര്‍ നല്‍കിയ മറുപടി. അതിനിടയില്‍ റഹ്മാന്‍റെ സംഗീത നിശയില്‍ പതിനാറു പാട്ടുകള്‍ ഹിന്ദിയിലും പന്ത്രണ്ടു പാട്ടുകള്‍ തമിഴിലും ആയിരുന്നു എന്ന് പാട്ടുകളുടെ പട്ടിക സഹിതം ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു. റഹ്മാനു മാതൃഭാഷയില്‍ പാട്ടുപാടാന്‍ ആഗ്രഹം കാണില്ലേയെന്നു ചിലര്‍ ചോദിച്ചപ്പോള്‍. റഹ്മാന്‍ അറിയപ്പെടുന്നത് മുംബൈയുടെ മൊസാര്‍ട്ടെന്നല്ല, മദ്രാസിന്‍റെ മൊസാര്‍ട്ട് എന്നാണ് എന്നും ചില വിരുതര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ