ലക്നൗ: ഡ്രൈവര്‍ മുസ്ലിം ആയത് കൊണ്ട് ഓല ടാക്സി യാത്ര റദ്ദാക്കിയ ആള്‍ക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം. വിശ്വഹിന്ദു പരിഷത്തുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന അഭിഷേക് മിശ്രയാണ് താന്‍ ടാക്സി യാത്ര റദ്ദാക്കിയെന്ന് കാണിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടത്. ‘ടാക്സി ഡ്രൈവര്‍ മുസ്ലിം ആയിരുന്നെന്നും ജിഹാദികള്‍ക്ക് തന്റെ പണം നല്‍കാന്‍ താത്പര്യമില്ലാത്തത് കൊണ്ടാണ് യാത്ര റദ്ദാക്കിയതെന്നും ഇയാള്‍ ട്വീറ്റ് ചെയ്തു. ഇയാള്‍ ട്വിറ്ററില്‍ പിന്തുടരുന്ന 14,000 പേരില്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍, സാസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മ എന്നിവരുമുണ്ട്.

ഏപ്രില്‍ 20നാണ് ഇയാള്‍ ട്വിറ്ററില്‍ ഓല ടാക്സി യാത്ര റദ്ദാക്കിയതിന്റെ സ്ക്രീന്‍ഷോട്ട് സഹിതം ട്വീറ്റ് ചെയ്തത്. ‘ഡ്രൈവര്‍ മുസ്ലിം ആയത് കൊണ്ട് ഞാന്‍ ഓല കാബ് കാന്‍സല്‍ ചെയ്തു. ജിഹാദികള്‍ക്ക് എന്റെ പണം കൊടുക്കാന്‍ താത്പര്യമില്ല’, ഡ്രൈവറായ മസൂദ് ആലം എന്നയാളുടെ പേരും ട്വീറ്റില്‍ കാണാം.

ട്വീറ്റ് ചെയ്ത അഭിഷേക് മിശ്ര എന്നയാള്‍ക്ക് ഓല കമ്പനി നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന​ റിപ്പോര്‍ട്ടും പുറത്തുവന്നതോടെ യോഗി സര്‍ക്കാരിനോട് നടപടി ആവശ്യപ്പെട്ടും നിരവധി പേര്‍ രംഗത്തെത്തി. സംഭവത്തില്‍ താമസിയാതെ ഓല കമ്പനിയും പ്രതികരിച്ചു. ‘നമ്മുടെ രാജ്യം പോലെ മതേതര ചിന്തയാണ് ഓലയ്ക്കും.
ജാതിയോ മതമോ നിറമോ കൊണ്ട് ഞങ്ങളുടെ ഉപഭോക്താവിനെയോ ഡ്രൈവറെയോ പങ്കാളികളെയോ ഞങ്ങള്‍ വിവേചനത്തിന് ഇരയാക്കാറില്ല. എല്ലാവരും പരസ്പരം ബഹുമാനിക്കണമെന്നാണ് ഞങ്ങളുടെ ഉപഭോക്താക്കളോടും ഡ്രൈവര്‍മാരോടും പങ്കാളികളോടും ഞങ്ങള്‍ക്ക് പറയാന്‍ ഉളളത്’, കമ്പനി വ്യക്തമാക്കി. സംഭവത്തില്‍ ഇയാളുടെ പോസ്റ്റിനെതിരെ ട്വിറ്ററില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും പോസ്റ്റില്‍ ട്വിറ്റര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

അയോധ്യയില്‍ നിന്നുളള അഭിഷേക് ലക്നൗവില്‍ ഐടി ജീവനക്കാരനെന്നാണ് വിവരം. സംഭവം വിവാദമായി ഇയാള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നതോടെ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചാണ് ഇയാള്‍ വീണ്ടും രംഗത്തെത്തിയത്.

‘ഹനുമാന്റെ ചിത്രം ടാക്സികള്‍ക്ക് മുകളില്‍ ഒട്ടിക്കുന്നതിനെതിരെ പ്രചരണം നടത്തുന്നുണ്ടെങ്കില്‍ തനിക്കും ഇപ്രകാരം നടത്തിക്കൂടേയെന്ന് അദ്ദേഹം ചോദിച്ചു. രശ്മി നായരുടെ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് ഇയാള്‍ ട്വീറ്റ് ചെയ്തത്. കത്തുവയിലേത് അടക്കമുളള ക്രൂര പീഡനങ്ങള്‍ക്ക് പിന്നില്‍ ഹിന്ദുത്വ ശക്തികളാണെന്നിരിക്കെ ഹിന്ദുത്വ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന ടാക്സികളില്‍ കയറുന്നത് സുരക്ഷിതമല്ലെന്ന പ്രചരണത്തെ ചൂണ്ടിക്കാട്ടിയായിരുന്നു ഇയാളുടെ ന്യായീകരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ