ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാനായ ജോസ് ബട്‍ലര്‍ തിങ്കളാഴ്ച പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് പിന്നാലെയാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍. ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനായ നാസര്‍ ഹുസൈന്‍ ഒരു ടവല്‍ മാത്രം ഉടുത്ത് തെരുവിലൂടെ നടക്കുന്ന ചിത്രമാണ് ബട്‍ലര്‍ പോസ്റ്റ് ചെയ്തത്. മിനിറ്റുകള്‍ക്കകം ചിത്രം ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചു. ചിത്രം കണ്ട ആരാധകര്‍ നാളുകള്‍ക്ക് ശേഷം നാസര്‍ ഹുസൈനെ കണ്ടതിലുളള സന്തോഷവും ആശ്ചര്യവും പ്രകടിപ്പിച്ചു.

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ ആണോ ഇതെന്ന് നെറ്റി ചുളിച്ചവരും കൂട്ടത്തിലുണ്ട്. ‘ഇംഗ്ലണ്ടിന്റെ ഈ മുന്‍ നായകനെ ആര്‍ക്കെങ്കിലും മനസ്സിലായോ?’ എന്നായിരുന്നു ബട്‍ലര്‍ അടിക്കുറിപ്പ് എഴുതിയത്. പോസ്റ്റില്‍ മുന്‍ താരങ്ങളായ ഇയാന്‍ വാര്‍ഡിനേയും ഡേവിഡ് ലോയിഡിനേയും ടാഗ് ചെയ്തിട്ടുമുണ്ട്. ഇത് പുതിയ ചിത്രമാണോ എന്ന് വ്യക്തമല്ല.

ഇതിനിടെ ചിലര്‍ പുടിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയുടെ തിരക്കിലാണ് ഇംഗ്ലണ്ട്. ആദ്യ ഏകദിനത്തില്‍ തോല്‍വിയുടെ നിരാശയിലാണ് ടീം ഇപ്പോള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ