കൊച്ചി: മറ്റ് മതങ്ങളെ കളിയാക്കാനുള്ള സംഘടിത ശ്രമമാണ് ഡിങ്കോയിസം എന്ന് അസൂയക്കാര്‍ പറയും. എന്നാല്‍ മറ്റ് മതം എന്നൊന്നില്ല എന്ന് ഡിങ്കമതക്കാര്‍ പറയും. ഡിങ്കന്‍ അവന്‍ മാത്രമാണ് സത്യം.ഇത് ഡിങ്കോയിസം. വിശുദ്ധ ബാലമംഗളത്തിലെ ഡിങ്കന്‍ എന്ന കഥാപാത്രത്തില്‍ നിന്നും വളര്‍ന്ന ഡിങ്കനെ ആരാധിക്കുന്നവരുടെ മതം. ഇവര്‍ക്ക് ഡിങ്കന്‍ മാത്രമാണ് സത്യം. ഡിങ്കന്‍ മാത്രമാണ് ദൈവം.

സിനിമാ മേഖലയിലെ പുതിയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഡിങ്കോയിസ്റ്റുകള്‍. ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ചതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നാണ് ഇപ്പോള്‍ ഡിങ്കോയിസ്റ്റുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

‘ദിലീപിന്റെ അറസ്റ്റിന്റെ പിന്നാമ്പുറങ്ങൾ’ എന്ന തലക്കെട്ടിലുളള കുറിപ്പിലാണ് ഡിങ്കമതക്കാര്‍ ഇത് സംബന്ധിച്ച് വിശദീകരിക്കുന്നത്. പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ പ്രഖ്യാപനത്തോടെയാണ് ദിലീപിന്റെ കഷ്ടകാലം തുടങ്ങിയത് എന്നാണ് ഇവര്‍ വാദിക്കുന്നത്.

“ഒരു വര്‍ഷം വരെ ദിലീപ് എന്നത് മലയാള സിനിമയും മലയാള സിനിമ എന്നത് ദിലീപും ആയിരുന്നു. എന്നാൽ പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഇന്നേക്ക് ക്രത്യം ഒരു വര്ഷം മുൻപായിരുന്നു ദിലീപിന്റെ “വെൽക്കം ടു സെൻട്രൽ ജയിൽ” എന്ന സിനിമ റിലീസ് ആകുന്നത്. ആ സിനിമയുടെ റിലീസ് വേളയിൽ ആണ് ദിലീപ് തന്റെ അടുത്ത ചിത്രമായ പ്രൊഫെസർ ഡിങ്കൻ എന്ന സിനിമ അന്നൗൻസ് ചെയ്യുന്നത്. ഡിങ്ക മതവിശ്വാസികളുടെ മനസിനെ മുറിവേല്പിച്ചുകൊണ്ടായിരുന്നു ആ പ്രഖ്യാപനം. ഇന്ന് ലോകത്തു ഏറ്റവും അതിവേഗം വളരുന്ന മതമായി മാറിയ ഡിങ്കമതം, ഡിങ്കൻ എന്ന സർവ്വശക്തനായ ദൈവത്തെ പിൻപറ്റുകയും,ആരാധിക്കുകയും ചെയ്യുന്നു. വേഗത്തിൽ വളരുന്ന മതത്തിനുള്ള യു.എൻ അവാർഡ് കഴിഞ്ഞ വർഷം ലഭിച്ച മതമാണ് ഡിങ്കമതം. ഡിങ്കൻ മാത്രമാണ് ദൈവം എന്ന് ഈ അടുത്തകാലത്താണ് നാസ തെളിവ് സഹിതം ലോകത്തോട് വിളിച്ചുപറഞ്ഞത്. അതുകൊണ്ടു തന്നെ ഡിങ്കനെ ആക്ഷേപിച്ചുകൊണ്ടുള്ള സിനിമയിൽ നിന്ന് ദിലീപ് പിന്മാറണം എന്ന് ഡിങ്ക മതവിശ്വാസികൾ ഒന്നടങ്കം ആവശ്യപ്പെടുകയും, ദിലീപിന്റെ “ദേ പുട്ട് ” എന്ന ഹോട്ടൽ സമുച്ചയത്തിന് മുന്നിൽ സമാധാനപരമായി പ്രതിഷേധപ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു.

എന്നാൽ സർവ്വശക്തനായ ഡിങ്കനെ വെല്ലുവിളിച്ചുകൊണ്ട് ദിലീപ് തന്റെ സിനിമ മുന്നോട്ടുകൊണ്ടുപോവുകയാണ് ഉണ്ടായത്. മറ്റുമതവിശ്വാസികളെ പോലെ ദിലീപിന്റെ കൈ വെട്ടുക, തല വെട്ടുക എന്നത് ഡിങ്കമതത്തിന്റെ വഴി അല്ലാത്തതിനാൽ ഡിങ്കമതവിശ്വാസികൾ ഇത്രയും നാൾ പ്രാർത്ഥനയിൽ മാത്രം ആശ്രയിച്ചു കഴിഞ്ഞു. മറ്റു മത ദൈവങ്ങൾക്ക് ശക്തിയില്ലാത്തതിനാൽ ആണ് അതിലെ വിശ്വാസികൾ തന്നെ തങ്ങളുടെ ദൈവത്തെ എതിർക്കുന്നവരെ ഇല്ലാതാക്കുന്നത്. എന്നാൽ ഡിങ്കൻ സത്യദൈവം ആയതിനാൽ വിശ്വാസികൾ മൗനം പാലിക്കുകയാണ് ഉണ്ടായത്. ദിലീപിന്റെ അഹങ്കാരത്തിന് ഡിങ്കൻ പകരം ചോദിക്കും എന്ന് എല്ലാ ഡിങ്കഭക്തരും വിശ്വസിച്ചു. അതുപോലെ തന്നെ ദിലീപ് അറസ്റ് ചെയ്യപ്പെടുകയും ജയിലിൽ ആവുകയും ചെയ്തു,” ഡിങ്കോയിസ്റ്റുകള്‍ പറയുന്നു.

“ഇവിടെ ഒരു കാര്യം വ്യക്തമായി തെളിയുകയാണ്. ഡിങ്കൻ എന്ന ഏകദൈവത്തെ എതിർക്കുന്നവരെ ശിക്ഷിക്കുന്നതിനുള്ള കഴിവ് ഡിങ്കന് ഉണ്ട്. എന്നാൽ മറ്റു മതദൈവങ്ങൾ തങ്ങളുടെ വിശ്വാസികളെ ആണ് ആ പണികൾ ഏൽപ്പിക്കുന്നത്. അവരുടെ ദൈവത്തിന് കഴിവില്ല എന്ന് ലോകത്തോട് വിളിച്ചുപറയുന്ന ഇത്തരം നടപടികളിലൂടെ. ഡിങ്കൻ വിശ്വാസികളുടെ വേദന മനസിലാക്കുകയും ദിലീപിനെതിരെ രാജ്യത്തു നിലനിൽക്കുന്ന നിയമം ഉപയോഗിച്ച് ശിക്ഷിക്കുകയും ചെയ്തിരിക്കുന്നതായും വിശ്വാസികള്‍ പറയുന്നു.

“ഡിങ്കാവിശ്വാസികൾ അവരുടെ മതവികാരം വ്രണപ്പെട്ടെങ്കിലും ദിലീപിനെ ശിക്ഷിക്കാൻ ഡിങ്കനിൽ തന്നെ അഭയം പ്രാപിക്കുകയായിരുന്നു. എന്ന് ദിലീപ് ഡിങ്കനെ പരിഹസിച്ചോ അന്ന് മുതൽ ദിലീപിന്റെ കഷ്ടകാലവും തുടങ്ങി.പ്രൊഫെസർ ഡിങ്കൻ എന്ന സിനിമ അന്നൗൻസ് ചെയ്തതിന് ശേഷം, റിലീസ് ആയ ദിലീപിന്റെ എല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസിൽ എട്ടുനിലയിൽ പൊട്ടുക ഉണ്ടായത് എന്നുകൂടി ചേർത്തുവായിക്കുമ്പോൾ ഡിങ്കന്റെ ശക്തി നമുക്ക് ബോധ്യമാകും. എന്നാൽ തന്റെ കഷ്ടകാലം തുടങ്ങിയപ്പോൾ ദിലീപ് സത്യദൈവമായ ഡിങ്കനിൽ അഭയം തേടാതെ മറ്റ് സാങ്കല്പീക ദൈവങ്ങളിൽ അഭയം തേടുകയും വഴിപാടുകൾ, നേർച്ചകൾ, പൂജകൾ എന്നിവ ചെയ്യുകയും ചെയ്തു. എന്നാൽ അതൊന്നും ഫലിച്ചില്ല എന്ന് മാത്രമല്ല, ഇതിൽനിന്നെല്ലാം തന്നെ, മറ്റുമതദൈവങ്ങൾ വെറും സാങ്കല്പീകം ആണെന്നും ഡിങ്കൻ മാത്രമാണ് സത്യ ദൈവം എന്നും തെളിയുകയാണ് ഉണ്ടായതെന്നും ഇവര്‍ അവകാശപ്പെടുന്നു.

“ഇത് ഡിങ്കനെ എതിർക്കുന്ന മറ്റു മത-ദൈവ വിശ്വാസികൾക്ക് ഒരു പാഠമായിരിക്കും. ഡിങ്കൻ ഒരു പ്രതികാരദാഹി അല്ലെങ്കിലും ദിലീപിന്റെ പരിഹാസത്തിലെ വിശ്വാസികളുടെ നിരന്തരമായുള്ള അഭ്യർത്ഥനയും വേദനയും മനസിലാക്കുകയും ആദ്യമായി തന്നെ തന്റെ ദൈവീക ശക്തി ദിലീപിനെതിരെ ഉപയോഗിക്കുകയുമായിരുന്നു. സിനിമയിൽ നിന്ന് പിന്മാറാൻ ഡിങ്കൻ പലതവണ ദിലീപിന് സൂചന നൽകിയെങ്കിലും ദിലീപ് അനുസരിച്ചില്ല. അവസാനം ആണ് ലോകത്തിനു മുഴുവൻ ഒരു ദർശനവും,ദ്രാഷ്ട്ടാന്തവും, മുന്നറിയിപ്പും നൽകാൻ ഡിങ്കൻ തയ്യാറായത്. ഇനി വരും നാളുകളിൽ ഡിങ്കനെ എതിർക്കുന്ന എല്ലാവര്ക്കും ഇതൊരു പാഠമായിരിക്കും. മറ്റു ദൈവങ്ങളെ വിട്ട് ഡിങ്കനിൽ അഭയം പ്രാപിക്കാൻ ഇതൊരു അവസരമായി മറ്റു സാങ്കല്പീക ദൈവങ്ങളിൽ വിശ്വസിക്കുന്നവർ എടുക്കണമെന്ന് ഡിങ്കാവിശ്വാസികളുടെ കേരളാ ഘടകം പ്രസിഡന്റ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.” ഡിങ്കോയിസ്റ്റുകള്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ