കോഴിക്കോട്: ചലച്ചിത്ര താരം അന്‍സിബ ഹസന്റെ വിവാഹം കഴിഞ്ഞെന്നു സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചരണം. ഷോര്‍ട് ഫിലിമിലെ വിവാഹ ഫോട്ടോ ചേര്‍ത്ത് വച്ചാണ് ഫെയ്സ്ബുക്കിലൂടെ വ്യാജപ്രചരണം നടക്കുന്നത്. ഹിന്ദു യുവാവിനെ താരം വിവാഹം ചെയ്‌തെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തി.

ഷൈജു സുകുമാരന്‍ നാടാര്‍ റൈറ്റ് തിങ്കേഴ്‌സ് എന്ന ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രം ശനിയാഴ്ചയാണ് അന്‍സിബയുടെ ശ്രദ്ധയില്‍ പെടുന്നത്. ‘അന്‍സിബ ഹസ്സനും മുരളീ മേനോനും. ഇവരെ ഹിന്ദു മുസ്‌ലിം അല്ലാതെ മനുഷ്യരായി കാണാന്‍ മാത്രം മനസ്സുള്ളവര്‍ ലൈക്കടിക്കുക…’ എന്നു തുടങ്ങുന്ന ഒരു കുറിപ്പുമുണ്ട് ഒപ്പം.

അന്‍സിബയുടെ ശ്രദ്ധയില്‍ പെടുമ്പോഴേക്കും ഈ ചിത്രത്തിന്റെ താഴെ വന്‍ അടി തുടങ്ങുകയായി. മുസ്‌ലിംമായ അന്‍സിബ ഹിന്ദുവിനെ വിവാഹം കഴിച്ചതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പോസ്റ്റ് നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. അതിനിടക്ക് ചില ഓൺലൈൻ മാധ്യമങ്ങളും അൻസിബയുടെ ‘മാതൃകാ’ വിവാഹത്തിന്റെ വാർത്ത നൽകി.

ഇതെല്ലാമായപ്പോൾ അൻസിബ തന്നെ ഇതിനെല്ലാം വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. ‘ഷൈജു സുകുമാരന്‍, ഒരു ഹ്രസ്വചിത്രത്തില്‍ അഭിനയിച്ച ആള്‍ക്കൊപ്പമുള്ള ഫോട്ടോ വച്ച് നിങ്ങള്‍ക്ക് എങ്ങിനെയാണ് ഞാന്‍ വിവാഹിതയായി എന്ന് പോസ്റ്റിടാന്‍ കഴിഞ്ഞത്. ഞാന്‍ ഇപ്പോഴും അവിവാഹിതയാണ്. ഞാന്‍ വിവാഹിതയല്ല’ രോഷത്തോടെ അന്‍സിബ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അൻസിബ അഭിനയിച്ച ‘ലൗ മേറ്റ്‌സ്’ എന്ന ഹ്രസ്വചിത്രത്തിന്റെ ഒരു സീനെടുത്താണ് അത് വിവാഹഫോട്ടോയാക്കി പോസ്റ്റ് ചെയ്തത്.

എന്തായാലും അൻസിബയുടെ പോസ്റ്റ് വന്നതോടെ കൊടുത്ത വിവാഹ വാർത്തകളെല്ലാം മുക്കിയിരിക്കുകയാണ് ഇവർ. സോഷ്യൽ മീഡിയയിലെ തമ്മിൽ തല്ലും കുറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ