റിയാദ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യം സന്ദർശിക്കുന്ന വിദേശരാജ്യം സൗദി അറേബ്യ ആയിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ലോകം നേരിടുന്ന പ്രധാന ഭീഷണിയായ ഭീകരതയെ നേരിടാനുള്ള തുടക്കവും ഒരു പുതിയ അടിത്തറ പണിയാനുള്ള തുടക്കം കുറിക്കലുമാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ എന്റെ ആദ്യ വിദേശയാത്ര സൗദി അറേബ്യയിലേക്കും പിന്നീട് ഇസ്രയേലിലേക്കും റോമിലേക്കുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ സൗദി സന്ദർശന സമയത്ത് മറ്റ് അറബ് രാജ്യങ്ങളുടെ പ്രതിനിധികളും സൗദി അറേബ്യയിലെത്തും. ഭീകരതയെ നേരിടാനുള്ള ഒരുക്കത്തിന്റെ തുടക്കം എന്ന നിലയിൽ അറബ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കുക എന്ന ലക്ഷ്യവും സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. രണ്ടാം കിരീടാവകാശിയും സൽമാൻ രാജാവിന്റെ മകനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ 2017 മാർച്ച് മാസത്തിൽ അമേരിക്ക സന്ദർശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കലായിരുന്നു അമീർ സൽമാന്റെ സന്ദർശന ലക്ഷ്യങ്ങളിലൊന്ന്. വൈകാതെ തന്നെ വൈറ്റ് ഹൗസ് ട്രംപ് ആദ്യം സന്ദർശിക്കുന്ന വിദേശ രാജ്യം സൗദി അറേബ്യയായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

മുഹമ്മദ് ബിൻ സൽമാൻ അമേരിക്ക സന്ദർശിച്ച സമയത്ത് പ്രസിഡന്റ് ട്രംപുമായി ഏറെ നേരത്തെ കൂടിക്കാഴ്ചയും സന്ദർശനത്തിന് വലിയ പരിഗണനയും നൽകിയിരുന്നു. ഇത് അമേരിക്കക്കും പ്രസിഡന്റ് ട്രംപിനും സൗദി അറേബ്യയോടുള്ള ബഹുമാനം സൂചിപ്പിക്കുന്നതായിരുന്നു. ട്രംപും മുഹമ്മദ് ബിൻ സൽമാനുമായുള്ള കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും മറ്റ് സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള വേദി കൂടിയായിരുന്നു. വലിയ പ്രാധാന്യത്തോടെയായിരുന്നു ഇരു രാജ്യങ്ങളും മാധ്യമങ്ങളും ഈ സന്ദർശനത്തെ കണ്ടിരുന്നത്. ആഗോള പ്രാദേശിക പ്രശ്നങ്ങളെ സംബന്ധിച്ച് സൗദി അറേബ്യക്കും അമേരിക്കയ്ക്കുമുള്ളത് സമാന വീക്ഷണങ്ങളാണ്.

ഇറാൻ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാൻ സൗദി അറേബ്യ സ്വീകരിച്ച നടപടികളെ ട്രംപ് അഭിനന്ദിച്ചിരുന്നു. അമീർ ബിൻ സൽമാൻ ട്രംപുമായി നടത്തിയ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവായിരുന്നു. അമേരിക്കയുമായുള്ള നല്ല ബന്ധം നിലനിർത്താൻ അമീർ സൽമാൻ നടത്തിയ ശ്രമം അഭിനന്ദനീയമാണെന്നും അമേരിക്കൻ പ്രസിഡന്റിന്റെ ചരിത്രപരമായ സന്ദർശനത്തെ സ്വാഗതം ചെയ്തും സൗദി വിദേശകാര്യാ വകുപ്പ് മന്ത്രി ആദിൽ അൽ ജുബൈർ ട്വീറ്റ് ചെയ്തു.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ