മനാമ: ബഹ്‌റൈനില്‍ പുതിയ ട്രാഫിക് ലൈറ്റ് ഏര്‍പ്പെടുത്തേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ദേശീയ തലത്തില്‍ സർവേ നടത്തുന്നു. സിഗ്‌നലുകളില്‍ പൊടുന്നനെ ചുവപ്പ് ലൈറ്റ് തെളിയുന്നതിന് പകരം കൗണ്ട് ഡൗണ്‍ ടൈമറുകളോ മഞ്ഞ സിഗ്‌നല്‍ മിന്നിമായുന്ന രീതിയോ ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തെ തുടര്‍ന്നാണിത്.

സിഗ്നല്‍ മാറ്റം സംബന്ധിച്ച് നോര്‍തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ നിര്‍ദേശിച്ച പരീക്ഷണ പദ്ധതിയെ ആഭ്യന്തര മന്ത്രാലയം പിന്തുണച്ചിട്ടുണ്ട്. ചുവപ്പ് നിറം തെളിയുന്നതിന് മുമ്പ് മഞ്ഞ നിറത്തിലുള്ള ലൈറ്റ് മിന്നിമായുന്ന രീതി ഏര്‍പ്പെടുത്തുന്ന പദ്ധതിയാണ് ഇവര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍, പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയത്തിന് ഈ പദ്ധതി കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന അഭിപ്രായമാണുള്ളത്.

ഈ വിഷയത്തില്‍ വാഹനം ഉപയോഗിക്കുന്നവരുടെ അഭിപ്രായം തേടാനായി ഓണ്‍ലൈന്‍ സർവേ നടത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. വികസിത രാജ്യങ്ങളില്‍ ഉള്ളത് പോലെ കൗണ്ട് ഡൗണ്‍ ടൈമര്‍ എന്ന ആവശ്യവും പ്രബലമാണ്. ചുവപ്പിലേക്കു മാറുന്നത് മുന്‍കൂട്ടി ടൈമറില്‍ അറിയാവുന്നതിനാല്‍ ചുവപ്പ് സിഗ്നല്‍ അതിക്രമിച്ചു കയറുന്നത് ഒഴിവാകുമെന്നതാണ് നേട്ടമെന്ന് ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ