ദുബൈ: ലോകത്തിലെ മുൻനിര ട്രാവൽ ആൻഡ് ടൂറിസം മേളകളിലൊന്നായ അറേബ്യൻ ട്രാവൽ മാർട്ടിൽ വേറിട്ട അനുഭവങ്ങളൊരുക്കി സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുകയാണ് ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്‌).

ഷാർജയിലെ പ്രശസ്തമായ വിനോദ കേന്ദ്രമായ മെലീഹയുടെ സഞ്ചാരാനുഭവങ്ങൾ വെർച്ച്വൽ റിയാലിറ്റി സംവിധാനത്തിലൂടെ സന്ദർശകർക്ക് ഇവിടെ നേരിട്ടനുഭവിക്കാം.

മെലീഹയിലെ മരുഭൂമിയിലൂടെ ഡെസേർട്ട് സഫാരി നടത്തുന്നതും ഫോസിൽ റോക്കുകളിലൂടെ സഞ്ചരിക്കുന്നതും രാത്രിയിലെ ആകാശ നിരീക്ഷണവുമെല്ലാം നേരിട്ടെന്ന പോലെ അനുഭവിക്കാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ആകാശത്തിലെയും മരുഭൂമിയിലെയും ആർക്കിയോളജി സെന്ററിന് അകത്തൂടെയുമെല്ലാമുള്ള അനുഭവങ്ങൾ സമ്മേളിക്കുന്ന പുത്തൻ അനുഭവം നേരിട്ടറിയാൻ നിരവധി സന്ദർശകർ ശുറൂഖ്‌ സ്റ്റാളിൽ എത്തുന്നുണ്ട്.

മെലീഹക്ക് പുറമെ ഹാർട്ട് ഓഫ് ഷാർജ പ്രദേശത്ത് ഒരുങ്ങുന്ന അൽ ബെയ്ത് ഹോട്ടൽ, കൽബ കിങ്ഫിഷർ ലോഡ്ജ്, അൽ ബദായർ ഒയാസിസ്‌ തുടങ്ങിയ നിരവധി വരുംകാല പദ്ധതികളെക്കുറിച്ചും ഷാർജ നൽകുന്ന നിക്ഷേപ സൗകര്യങ്ങളെക്കുറിച്ചും ശുറൂഖ്‌ മേളയിൽ വിശദീകരിക്കുന്നുണ്ട് .

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുൻനിര ടൂറിസം വിദഗ്ദർ പങ്കെടുക്കുന്ന അറേബ്യൻ ട്രാവൽ മാർട്ടിന്റെ ഇരുപത്തിയഞ്ചാമതു പതിപ്പാണ് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്നത്. മേള ബുധനാഴ്ച സമാപിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ