റിയാദ് : വിദേശികളെ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കാന്‍ ദീർഘകാല റസിഡൻസ് പെർമിറ്റ് ആയ ഗോൾഡ് കാർഡ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി സൗദി അറേബ്യ . കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക, വികസനകാര്യ കൗൺസിലാണ് ജീവിത നിലവാര പദ്ധതി 2020 ന്റെ ഭാഗമായി വിദേശികൾക്ക് ഗോൾഡ് കാർഡ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.

യൂറോപ്പിലും മറ്റ് വികസിത വിദേശ രാജ്യങ്ങളിലും ഉള്ളത് പോലെ ദീർഘകാല റസിഡൻസ് നല്‍കാനുള്ള തീരുമാനം വഴി വിദേശികൾക്കും അവരുടെ കുടുംബങ്ങൾക്കും സൗദി അറേബ്യയിൽ ആകര്‍ഷകമായ ജീവിത സാഹചര്യം ഒരുങ്ങും. അതോടൊപ്പം അവർക്ക് നൽകുന്ന സേവനങ്ങൾക്ക് മാനദണ്ഡങ്ങളും മാർഗരേഖയും നിശ്ചയിക്കലും പദ്ധതിയുടെ ഭാഗമായുണ്ട്. ഇതോടെ സൗദി അറേബ്യയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകളെ ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ. വിദേശികളുടെ മക്കൾക്ക് ഉപരിപഠനത്തിനടക്കമുള്ള സൗകര്യങ്ങൾ പദ്ധതിയുടെ ഭാഗമായി ഒരുക്കും.

സൗദി അറേബ്യയുടെ സംസ്‌കാരിക വളര്‍ച്ചയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന സമകാലീക സാഹചര്യത്തില്‍ വിദേശി യുവജനങ്ങളെ അതില്‍ പങ്കാളികളാക്കാനും അവരുടെ സംസ്‌കാരങ്ങൾ സൗദി സമൂഹത്തിന് പരിചയപ്പെടുത്താനും ഗോള്‍ഡ്‌ കാര്‍ഡ് പദ്ധതി വഴിയൊരുക്കും.

സ്വദേശികളുടെയും വിദേശികളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താൻ പ്രഖ്യാപിച്ച ജീവിത നിലവാര പദ്ധതി 2020 വിജയിപ്പിക്കുന്നതിന് വിവിധ വകുപ്പുകൾ 13000 കോടി റിയാൽ ചെലവഴിക്കും. സാമ്പത്തിക വൈവിധ്യവത്കരണത്തിന് പുറമെ ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലേക്ക് സൗദി നഗരങ്ങളെ ഉയർത്താനാവുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതി വഴി സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക മേഖലകളിൽ സ്വദേശികളുടെ പൂർണ പങ്കാളിത്തമുറപ്പിച്ച് ഉയർന്ന ജീവിത നിലവാരത്തിന് രാജ്യം സാക്ഷ്യം വഹിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

വാർത്ത: സിജിൻ കൂവള്ളൂർ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ