റിയാദ് : സൗദി അറേബ്യയിൽ പ്രതേക നികുതി പദ്ധതിക്ക് ശൂറാ കൗൺസിൽ അംഗീകാരം നൽകി. ഫെബ്രുവരി ഇരുപതിന് ചേർന്ന മന്ത്രിസഭാ യോഗമാണ് നികുതി നടപ്പാക്കുന്നതിനുള്ള റിപ്പോർട്ട് ശൂറാ കൗൺസിലിന് സമർപ്പിച്ചത്. ശനിയാഴ്ച ചേർന്ന ശൂറാ കൗൺസിൽ പദ്ധതിക്ക് അംഗീകാരം നൽകിയതോടെ നികുതി ഉടൻ പ്രാബല്യത്തിലാകും.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാര മാർഗമായല്ല നികുതി ചുമത്തുന്നതെന്ന് ശൂറാ കൗൺസിൽ വ്യക്തമാക്കി. രാജ്യത്ത് പുതിയ നികുതി നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പുകയില ഉൽപന്നങ്ങൾ,എനർജി ഡ്രിങ്കുകൾ,എന്നിവക്ക് നൂറ് ശതമാനവും ശീതള പാനീയങ്ങൾക്ക് അമ്പത് ശതമാനവുമാണ് അധിക നികുതിയായി വരുന്നത്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും സൗദിയിൽ ഉത്പാദിപ്പിക്കുന്നതുമായ പുകയില ഉൽപന്നങ്ങളുടെയും ,എനർജി ഡ്രിങ്കുകളുടെയും നിർമ്മാണവും ഉപഭോഗവും ഗണ്യമായി കുറക്കാൻ പുതിയ നികുതി ചുമത്തൽ തീരുമാനം സഹായകരമാകുമെന്നാണ് വിലയിരുത്തുന്നത്.

പുതിയ നികുതി വരുമാനം വഴി പ്രതിവർഷം 1200 കോടി സൗദി റിയാൽ വരുമാനമായി ഖജനാവിലേക്കെത്തുമെന്നാണ് കണക്കാക്കുന്നത്.പ്രതിവർഷം രാജ്യത്ത് 700 കോടി സൗദി റിയാലിന്റെ സിഗരറ്റും 600 കോടി റിയാലിന്റെ ശീതള പായനീയങ്ങളും ഇറക്കുമതി ചെയ്യുന്നുണ്ട്. പ്രതേക നികുതി നടപ്പാകും മുമ്പ് പുകയില ഉൽപന്നങ്ങൾ , ശീതള പാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, എന്നിവ കൈമാറ്റം നടത്തുന്ന കമ്പനികൾ വിശദാംശങ്ങൾ സൗദി സക്കാത്ത് ആൻറ് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്യണമെന്ന് നിർദേശമുണ്ട്.

പ്രത്യേക നികുതിയുമായി ബന്ധപ്പെട്ട രേഖകൾ കൃത്യമായി സൂക്ഷിക്കാത്തവർക്ക് അര ലക്ഷം റിയാൽ വരെ പിഴ നൽകേണ്ടി വരും. പ്രതേക നികുതിയുടെ പരിധിയിൽ വരുന്ന ഉൽപന്നങ്ങളുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട ഇടപാട് രേഖകൾ സൂക്ഷിക്കാത്തവർക്കാണ് പിഴ ചുമത്തുക. സക്കാത്ത്, നികുതി വകുപ്പുകൾ ആവശ്യപ്പെടുന്ന രേഖകൾ സമർപ്പിക്കാത്തവർക്കും ഉദ്യോഗസ്ഥരെ കൃത്യ നിർവഹണത്തിൽ നിന്ന് തടയുന്നവർക്കും നിയമത്തിലെ മറ്റ് വകുപ്പുകൾ ലംഘിക്കുന്നവർക്കും പിഴ ഉണ്ടാകും. നിയമ ലംഘനം ആവിർത്തിക്കപ്പെട്ടാൽ ഇരട്ടി തുക പിഴ ഈടാക്കുകയോ ആറു മാസത്തേക്ക് ലൈസൻസ് മരവിപ്പിക്കുകയോ ചെയ്യും.

നികുതി വെട്ടിപ്പ് നടത്തുന്നതിനായി വ്യാജ രേഖകൾ സമർപ്പിച്ചാൽ നിയമാനുസൃതം അടക്കേണ്ട തുകയുടെ മൂന്നിരട്ടി പിഴയായി ചുമത്തും. നികുതി വെട്ടിപ്പ് കേസുകൾ കണ്ടെത്തുന്നതിന് സഹായിക്കുന്ന, സക്കാത്ത് ആൻറ് ഇൻകം ടാക്സ് വകുപ്പിൽ ജീവനക്കാരല്ലാത്തവർക്ക് പാരിതോഷികം നൽകുന്നതിനും നിയമത്തിൽ വകുപ്പുണ്ട്. വില വർദ്ധനവുണ്ടാകുന്നതോടെ രാജ്യത്ത് ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങളുടെ വിൽപനയും ഉപയോഗവും കുറക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് സൗദി അറേബ്യക്ക്.

വാർത്ത : നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ