റിയാദ്: മുജാഹിദ് പ്രസ്ഥാനത്തിലെ ഇരു വിഭാഗങ്ങള്‍ ഐക്യപ്പെട്ടതിന് ശേഷം കെഎന്‍എം വിദ്യാഭ്യാസ ബോര്‍ഡിന്‍റെയും സിഐഇആറിന്‍റെയും തിരഞ്ഞെടുത്ത പുസ്തകങ്ങൾ ഉൾപ്പെടുത്തി പുതിയ അധ്യയന വർഷത്തിന് തുടക്കം. സൗദി മതകാര്യ വകുപ്പിന്‍റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍ററിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന റിയാദ് സലഫി മദ്റസയുടെ 2017-2018 അധ്യയന വര്‍ഷത്തെ ക്ലാസുകൾ ആരംഭിച്ചതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

എല്‍കെജി മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള മദ്രസയില്‍ റിയാദിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി കുടുംബങ്ങളിലെ മക്കള്‍ പഠിക്കുന്നുണ്ട്. മുജാഹിദ് പ്രസ്ഥാനത്തിലെ ഇരു വിഭാഗങ്ങള്‍ ഐക്യപ്പെട്ടതിന് ശേഷം കെഎന്‍എം വിദ്യാഭ്യാസ ബോര്‍ഡിന്‍റെയും സിഐഇആറിന്‍റെയും തിരഞ്ഞെടുത്ത പുസ്തകങ്ങളാണ് ഈ വര്‍ഷം മുതല്‍ സിലബസായി പരിഗണിച്ചിട്ടുള്ളത്. വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചക്ക് ശേഷം 2.30 മുതല്‍ 6 മണിവരെയാണ് മദ്രസ പ്രവര്‍ത്തിച്ചു വരുന്നത്. നഴ്സറി ക്ലാസ്സുകളില്‍ കേരള സര്‍ക്കാരിന്‍റെ മലയാളം പാഠാവലി ഉള്‍പ്പെടുത്തി മാതൃഭാഷ സ്വായത്തമാക്കാനുള്ള അവസരവും മദ്രസ നല്‍കിവരുന്നുണ്ട്. പരിചയസമ്പന്നരായ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ അറബി ഭാഷ, വിശ്വാസം, കര്‍മ്മം, ചരിത്രം, ഖുര്‍ആന്‍, ഹദീസ് എന്നിവ പഠിപ്പിക്കുന്നതോടൊപ്പം പ്രക്ടിക്കല്‍ ക്ലാസ്സുകളും നല്‍കിവരുന്നുണ്ട്. അവധിക്കാല പഠന ശിബിരങ്ങൾ പൊതു പരീക്ഷയുടെ മുന്നോടിയായി പരിശീലന ക്യാമ്പുകള്‍ എന്നിവ മദ്രസയുടെ പ്രത്യേകതകളാണ്.

ബത്ഹ, ശുമേസി, റൗള സ്കൂള്‍, യാര സ്കൂള്‍ എന്നിവിടങ്ങളിലായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍ററിന്‍റെ മദ്രസകളില്‍ ആയിരത്തില്‍പരം വിദ്യാർഥികളാണ് പഠിച്ചു വരുന്നത്. മത ധാർമിക ശിക്ഷണത്തോടൊപ്പം ഉത്തമ പൗരന്മാരായി വാര്‍ത്തെടുക്കാനുള്ള നിരവധി സംരംഭങ്ങള്‍ വിദ്യാർഥികള്‍ക്കായി സംഘടിപ്പിച്ചു വരുന്നുണ്ട്. വാര്‍ത്ത‍ാ സമ്മേളനത്തില്‍ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍റര്‍ പ്രസിഡന്റ്‌ കെ.ഐ.അബ്ദുൽ ജലാല്‍ , മദ്രസ പ്രിന്‍സിപ്പല്‍ എം.ഡി.ഹുസ്സന്‍, മുഹമ്മദ്‌ കുട്ടി കടന്നമണ്ണ, സഅദുദ്ദീന്‍ സ്വലാഹി, ഷറഫുദ്ദീൻ വി.സി എന്നിവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ