മനാമ: ഖത്തറില്‍ തടവില്‍ കഴിയുന്ന ബഹ്‌റൈനില്‍ നിന്നുള്ള രണ്ട് ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ കുറിച്ച് ഒരു മാസമായി ഒരു വിവരവുമില്ലെന്നും അവസാനം വിളിച്ചപ്പോള്‍ തങ്ങള്‍ പട്ടിണിയിലാണെന്നാണ് അവര്‍ പറഞ്ഞതെന്നും ബന്ധുക്കള്‍. ഓഗസ്റ്റ് 30 നാണ് ഇവരടക്കം എട്ടുപേരെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ഖത്തര്‍ തീര സംരക്ഷണ സേന അറസ്റ്റ് ചെയ്തത്. രണ്ടു ബോട്ടുകളും അവര്‍ പിടിച്ചെടുക്കുകയുണ്ടായി. ബോട്ടുകള്‍ കൊണ്ടുപോയെങ്കിലും മറ്റു തൊഴിലാളികളെ സേന വിട്ടയച്ചിരുന്നു.

തടവില്‍ കഴിയുന്ന രണ്ടു പേരുടെയും ആരോഗ്യ കാര്യത്തില്‍ കുടുംബം ആശങ്ക പ്രകടിപ്പിച്ചു. കുടുംബത്തിന്റെ അത്താണിയായിരുന്ന ഇവര്‍ ജയിലിലായതോടെ കുടുംബവും അതിജീവനത്തിനു പാടുപെടുകയാണെന്നു ബന്ധുക്കള്‍ പറയുന്നു. തടവില്‍ കഴിയുന്ന, ബോട്ടിന്റെ ക്യാപ്റ്റനായിരുന്ന ദേവദാസ് എന്ന തൊഴിലാളി ഹൃദ്രോഗിയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ പ്രാദേശിക പത്രത്തോടു പറഞ്ഞു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ അദ്ദേഹം നിത്യം മരുന്നു കഴിക്കുകയായിരുന്നു. അഞ്ചു ദിവസം മാത്രം കടലില്‍ തങ്ങുന്നതിനാല്‍ മരുന്നു കൂടെ കരുതിയിരുന്നില്ല. ഓഗസ്റ്റ് 31 ന് അവസാനമായി അദ്ദേഹം വിളിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ബോട്ടിലെ മൂന്നു പേരും മറ്റൊരു ബോട്ടിലെ നാലുപേരും ഖത്തറില്‍ അറസ്റ്റിലായ വിവരം പറഞ്ഞത്. രണ്ടു മിനിറ്റിനുള്ളില്‍ ഫോണ്‍ കട്ടായി. കുറേ പ്രശ്‌നങ്ങളുണ്ടെന്നും എങ്ങിനെ മോചിതനാവാന്‍ കഴിയുമെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെയോ തൊഴിലുടമയുടേയോ നമ്പര്‍ തന്റെ പക്കലില്ലെന്നും അവര്‍ അറിയിച്ചു.

നാട്ടില്‍ കടബാധ്യതയുള്ളതുകൊണ്ടാണ് അദ്ദേഹം ബഹ്‌റൈനിലേക്കു വന്നത്. ജൂലൈ 29 നു ബഹ്‌റൈനില്‍ വന്നതിനു ശേഷം 7000 രൂപമാത്രമാണു നാട്ടില്‍ അയച്ചത്. കടുത്ത ചൂടും രോഗാവസ്ഥയും കാരണം താന്‍ ക്ഷീണിതനാണെന്നും എന്നാലും കടം തീര്‍ക്കാന്‍ കഴിയുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണെന്നാണു താന്‍ കരുതുന്നതെന്നും തനിക്കും രണ്ടുമക്കള്‍ക്കും വേറെ ആശ്രയമില്ലെന്നും അവര്‍ പറഞ്ഞു.

തടവില്‍ കഴിയുന്ന മറ്റൊരു മല്‍സ്യത്തൊഴിലാളി സുരേഷ് താവിയന്റെ മാതാവ് അല്‍ബുത്ത മേരിയും ഇതേ പ്രശ്‌നങ്ങള്‍ തന്നെയാണു പറയുന്നത്. നാട്ടില്‍ ബാങ്ക് ലോണിന്റെ വലിയ ബാധ്യത തീര്‍ക്കാനാണു 27 കാരനായ മകന്‍ ഓഗസ്റ്റ് രണ്ടിനു ബഹ്‌റൈനിലെത്തിയതെന്ന് അവര്‍ പറയുന്നു. തന്റെ മൂന്നു മക്കളില്‍ മൂത്തവനായ അവന്‍ സഹോദരിയുടെ വിവാഹത്തിനാണു ബാങ്കില്‍ നിന്നു ലോണ്‍ എടുത്തത്. വിദേശത്ത് ജോലി ചെയ്താല്‍ പെട്ടെന്ന് 50,000 രൂപയുടെ ലോണ്‍ തീര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അവന്‍ ബഹ്‌റൈനിലെത്തിയത്. ഓഗസ്റ്റ് 31 നു വിളിച്ച് ഖത്തറില്‍ അറസ്റ്റിലാണെന്നു പറഞ്ഞതിനു ശേഷം അവന്റെ ഒരു വിവരവും ഇല്ലെന്നാണ് അവര്‍ പറയുന്നത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള ബഹ്‌റൈനിലെ മറ്റു മല്‍സ്യത്തൊഴിലാളികള്‍ തടവില്‍ കഴിയുന്നവരുടെ തൊഴിലുടമകളായ ജാഫര്‍ അബ്ദുല്‍ അലി സനിദി, ഹുസൈന്‍ മന്‍സൂര്‍ അഹ്മദ് എന്നിവരുമായി ബന്ധപ്പെട്ടിരുന്നു. ഖത്തറും ബഹ്‌റൈനും തമ്മില്‍ ഉഭയകക്ഷി ബന്ധം വിച്ഛേദിച്ച പ്രത്യേക സാഹചര്യത്തില്‍ തടവില്‍ കഴിയുന്ന മല്‍സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണു തൊഴിലുടമകള്‍ പറയുന്നത്. ഓഗസ്റ്റ് 30 നു വൈകീട്ട് ആറുമണിക്ക് അവര്‍ വിളിച്ചിരുന്നു. അറസ്റ്റിലായെന്നും കോടതിയില്‍ ഹാജരാക്കിയ ശേഷം വിട്ടയക്കുമെന്നുമാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് എന്താണു സംഭവിച്ചത് എന്നു വ്യക്തമല്ല. മൂന്നു ദിവസം മുമ്പു വിളിച്ചപ്പോള്‍ ഒരു തൊഴിലാളി തങ്ങളെ ഉടനെ കോടതിയില്‍ ഹാജരാക്കും എന്നു പറഞ്ഞിരുന്നതായി തൊഴിലുടമ അഹമ്മദ് പറഞ്ഞു.

ബഹ്‌റൈന്‍, സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ജൂണ്‍ അഞ്ചിനാണു ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. ഭീകര പ്രവര്‍ത്തനത്തിനു ഖത്തര്‍ പിന്തുണ നല്‍കുന്നുവെന്നു ചൂണ്ടിക്കാണിച്ചായിരുന്നു ഈ നടപടി. ബഹ്റൈന്‍ ഖത്തറുമായുള്ള സമുദ്ര, വ്യോമാതിര്‍ത്തി അടക്കുകയും ചെയ്തിരുന്നു. ഖത്തര്‍ കോസ്റ്റ് ഗാര്‍ഡ് ബഹ്‌റൈനില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തതായി എക്കര്‍, മാമീര്‍, സമാഹീജ് എന്നിവിടങ്ങളില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികള്‍ ബഹ്‌റൈന്‍ കോസ്റ്റ് ഗാര്‍ഡിനു പരാതി നല്‍കിയിരുന്നു. കടലില്‍ വഴികാണിക്കുന്ന ബോട്ടിലെ സംവിധാനം പരാജയപ്പെട്ടതിനെ തുടര്‍ന്നു ഖത്തര്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നായിരുന്നു ബഹ്‌റൈനില്‍ നിന്നുള്ള ബോട്ടുകള്‍ ഖത്തര്‍ തീര സംരക്ഷണ സേന പിടികൂടിയത്. ഖത്തറിലെയോ ബഹ്‌റൈനിലെയോ ഇന്ത്യന്‍ എംബസി ഇതേക്കുറിച്ചു പ്രതികരിച്ചില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ