മനാമ: ബഹ്‌റൈനില്‍ നിന്നു മല്‍സ്യ ബന്ധനത്തിനു പോയി ഇറാന്‍ തടവിലായ 9 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളും ബഹ്‌റൈനില്‍ തിരിച്ചെത്തി. ഇന്നലെ ഉച്ചയോടെ മിന സല്‍മാന്‍ തുറമുഖത്താണ് ഒന്‍പത് ഇന്ത്യക്കാരും ആറ് ബംഗ്ലാദേശുകാരും ബോട്ടില്‍ മടങ്ങിയെത്തിയത്. ഇറാനിയന്‍ കോടതി തൊഴിലാളികളെ കഴിഞ്ഞ മാര്‍ച്ച് 17ന് കുറ്റവിമുക്തരാക്കിയിരുന്നെങ്കിലും മോചനം നീണ്ടു പോകുകയായിരുന്നു.

15 തമിഴ് തൊഴിലാളികളും ആറ് ബംഗ്ലാദേശ് തൊഴിലാളികളുമടക്കം 21 തൊഴിലാളികളായിരുന്നു തടവിലായത്. ഇതില്‍ നിന്നുള്ള 15 പേരാണ് മടങ്ങിയത്. അവശേഷിക്കുന്നവരുടെ മോചനവും ഉടനെയുണ്ടാകും. സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ ഒക്ടോബറിലാണ് തൊഴിലാളികള്‍ ഇറാന്‍ തീര സംരക്ഷണ സേനയുടെ പിടിയിലായത്. ഇറാന്‍ പിടികൂടിയ ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ ഇറാനില്‍ നരകയാതന അനുഭവിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബഹ്‌റൈനില്‍ നിന്നു മൂന്നു ബോട്ടുകളില്‍ പോയ തൊഴിലാളികളെ ഒക്ടോബര്‍ 20 നാണ് ഇറാന്‍ കോസ്റ്റ്ഗാര്‍ഡ് കസ്റ്റഡിയില്‍ എടുത്തത്. ഇറാന്റെ തെക്കുള്ള കിഷ് ദ്വീപിലായിരുന്നു ഇവരെ പാര്‍പ്പിച്ചിരുന്നത്.

തന്റെ ബോട്ടില്‍ ജോലി ചെയ്തിരുന്ന ഏഴ് ഇന്ത്യന്‍ തൊഴിലാളികളുടെ മോചനത്തിനായി ഇറാനിയന്‍ കോടതി ആവശ്യപ്പെട്ട പിഴ സംഖ്യ ബോട്ടുടമ നല്‍കുകയും കോടതി ആവശ്യപ്പെട്ട തൊഴിലാളികളുടെ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും ഇറാനിലെ തന്റെ പ്രതിനിധി മുഖേനെ ഹാജരാക്കുകയും ചെയ്തിരുന്നു. തൊഴിലാളികളുടെ മോചനവുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ക്കു തെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയും സഹായിച്ചു. ബഹ്‌റൈനില്‍ എത്തിയ തൊഴിലാളികള്‍ക്ക് സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും സഹായം എത്തിച്ചു. ഇവരെല്ലാം നാട്ടിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ