റിയാദ്: റിയാദിലെയും പരിസരപ്രദേശങ്ങളായ അല്‍ഖര്‍ജ്, മുസാഹ്മിയ, ദവാദ്മി എന്നിവിടങ്ങളിലെയും പ്രവാസി മലയാളികള്‍ക്കിടയില്‍ സാമൂഹിക, രാഷ്ട്രീയ, കലാസാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന മുഹമ്മദ്കുഞ്ഞു വള്ളികുന്നം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. ആലപ്പുഴ ജില്ലയിലെ കാമ്പിശ്ശേരി വള്ളികുന്നം സ്വദേശിയായ മുഹമ്മദ്കുഞ്ഞ് പതിനേഴ് വര്‍ഷത്തിലേറെയായി സൗദിയിലെത്തിയിട്ട്. റിയാദ് കേളി കലാ സാംസ്‌കാരികവേദിയുടെ കേന്ദ്ര രക്ഷാധികാരി സമിതി അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കേളിയുടെ മുന്‍ പ്രസിഡന്റു കൂടിയായ മുഹമ്മദ്കുഞ്ഞ് കേന്ദ്ര കമ്മിറ്റി അംഗം, അല്‍ഖര്‍ജ് ഏരിയ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. അല്‍ഖര്‍ജിലെ ഒരു വ്യാപാരസ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.

കേളി കേന്ദ്രരക്ഷാധികാരി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് മുഹമ്മദ്കുഞ്ഞിന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. രക്ഷാധികാരി കമ്മിറ്റി അംഗം ഗീവര്‍ഗ്ഗീസിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങില്‍ രക്ഷാധികാരി കമ്മിറ്റി അംഗം ബി.പി.രാജീവന്‍ സ്വാഗതം പറഞ്ഞു. മുഖ്യ രക്ഷാധികാരി കെ.ആര്‍.ഉണ്ണികൃഷ്ണന്‍ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ദസ്തക്കീര്‍, റഷീദ് മേലേതില്‍, സജീവന്‍ ചൊവ്വ, സതീഷ്‌കുമാര്‍, രക്ഷാധികാരി കമ്മിറ്റി അംഗവും കേളി പ്രസിഡന്റുമായ ദയാനന്ദന്‍ ഹരിപ്പാട്, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷമീര്‍ കുന്നുമ്മല്‍, റഫീഖ് പാലത്ത്, മെഹ്‌റുഫ് പൊന്ന്യം, കെ.വര്‍ഗ്ഗീസ്, സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ടി.ആര്‍.സുബ്രഹ്മണ്യന്‍, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

കേന്ദ്ര രക്ഷാധികാരി കമ്മിറ്റിക്കു വേണ്ടി കണ്‍വീനര്‍ കെ.ആര്‍.ഉണ്ണികൃഷ്ണനും കേളി കേന്ദ്രകമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂരും മുഹമ്മദ്കുഞ്ഞിന് ഉപഹാരം സമ്മാനിച്ചു. കൂടാതെ വിവിധ ഏരിയ രക്ഷാധികാരി കമ്മിറ്റികള്‍ക്കുവേണ്ടി ബാലകൃഷ്ണന്‍ (സുലൈ), അനില്‍ അറക്കല്‍ (മര്‍ഗ്ഗബ്), ശിവദാസന്‍ (ബത്ത), ഗോപിനാഥന്‍ വേങ്ങര (നസ്സീം റോദ), ഹസ്സന്‍ പുന്നയൂര്‍ (അസ്സീസ്സിയ) എന്നിവരും ഉപഹാരങ്ങള്‍ സമ്മാനിച്ചു.

ഉമ്മല്‍ഹമാം ഏരിയക്കു വേണ്ടി കൃഷ്ണകുമാറും മര്‍ഗ്ഗബ് രക്ഷാധികാരി കമ്മിറ്റിക്കു വേണ്ടി അനില്‍ അറക്കലും മുഹമ്മദ്കുഞ്ഞിനെ പൊന്നാട അണിയിച്ചു. യാത്രയയപ്പിനും ഉപഹാരങ്ങള്‍ക്കും മുഹമ്മദ്കുഞ്ഞ് നന്ദി രേഖപ്പെടുത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, വിവിധ ഏരിയകളില്‍ നിന്നുള്ള കേളി പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപേര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ