മനാമ: ലോകത്തെ ആകെ വിസ്മയിപ്പിച്ച് 1957ല്‍ കേരളത്തിലെ ജനങ്ങള്‍ അധികാരത്തില്‍ ഏറ്റിയ ആദ്യ ഇഎംഎസ് സര്‍ക്കാരാണ് ഇന്നത്തെ ആധുനിക കേരളത്തിന് അടിത്തറ പാകിയതെന്ന് സിപിഐ (എം) പിബി അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ.ബേബി അഭിപ്രയപ്പെട്ടു. കേവലം രണ്ടു വര്‍ഷം മാത്രം ആയുസുണ്ടായിരുന്ന ഈ സര്‍ക്കാരാണ് കേരളത്തിന്റെ എക്കാലത്തെയും ഭാവി നിര്‍ണയിച്ചതും ആധുനിക കേരളത്തിന് അടിത്തറ പാകിയതും. ആദ്യ കേരള മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം പ്രമാണിച്ച് ബഹ്‌റൈന്‍ പ്രതിഭ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1957ല്‍ ആദ്യ ഇഎംഎസ് മന്ത്രിസഭ അധികാരത്തില്‍ വന്നതിനു പിന്നില്‍ നൂറ്റാണ്ടുകളുടെ സാമൂഹ്യ നവോഥാന ചരിത്ര പശ്ചാത്തലം കൂടിയുണ്ട്. ഇതിനു ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, വാഗ്ഭടാനന്ദന്‍ തുടങ്ങിയ സാമൂഹ്യ നവോത്ഥാന നായകരുടെ പങ്കു മഹത്തരമാണ്. വേണ്ടത്ര രീതിയില്‍ പരിഗണിക്കപ്പെടാതെ വിസ്മരിക്കപ്പെട്ട ഒരു പേരാണ് ആറാട്ടുപുഴ വേലായുധ പണിക്കരുടേത്. മുലക്കരം എന്ന അക്രമ നികുതിക്കെതിരെ പോരാടിയ നങ്ങേലിയുടെ ചരിത്രം ഇതിലെ ജ്വലിക്കുന്ന അധ്യായമാണ്. സാമൂഹ്യ നവോത്ഥാനത്തിന് ഒപ്പം നൂറ്റാണ്ടുകളുടെ മറ്റു ചരിത്ര പശ്ചാത്തലവും 57 ലെ സര്‍ക്കാര്‍ രൂപീകരണത്തിനു പ്രചോദനമായിട്ടുണ്ട്.

ഭാവി കേരളത്തിന്റെ രാഷ്ട്രീയ രംഗത്തെ ദുഷിപ്പിക്കുന്ന ചില അരാജക പ്രവണതകള്‍ക്ക് അന്നത്തെ പ്രതിപക്ഷം തുടക്കം ഇട്ടു. രാഷ്ട്രീയം ലവലേശം പറയാതെ ജാതി-മത ശക്തികളെ സര്‍ക്കാരിനെതിരെ ഇളക്കി വിടുകയാണ് ഉണ്ടായത്. കേരളം വികസനത്തിന് നിഷേധാത്മക സംഭാവന നല്‍കിയ ഒന്നായി ആണ് വിമോചന സമരം ഇന്നു വിലയിരുത്തപ്പെടുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ മാത്രമായിരുന്നില്ല ആ മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍, എ.ആര്‍.മേനോന്‍, ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ അതാതു രംഗത്തെ പ്രഗത്ഭരായ സ്വന്തന്ത്രന്‍മാരും അതില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിലൂടെ എല്ലാവരും ചേര്‍ന്നുള്ള കേരളം വികസനം എന്ന പുതിയൊരു കാഴ്ചപ്പാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടു വച്ചത്. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസം, പൊലീസ് നയം, അധികാര വികേന്ദ്രീകരണം, ഭരണ പരിഷ്‌കരണം, ന്യൂനപക്ഷ സംരക്ഷണം തുടങ്ങി എല്ലാ മേഖലകളിലും അടിസ്ഥാന നയങ്ങള്‍ രൂപീകരിച്ചു നടപ്പാക്കിയത് ആ സര്‍ക്കാരായിരുന്നു.

ma baby, cpm, bahrain

മലയാളിയുടെ പ്രവാസത്തിനു പോലും 57 ലെ സര്‍ക്കാരിന്റെ നിര്‍ണായക സ്വാധീനം കാണാന്‍ കഴിയും. കുടികിടപ്പു അവകാശത്തിലൂടെ ഭൂമി ലഭിച്ച സാധാരണക്കാരന്, സൗജന്യ വിദ്യാഭ്യാസം വ്യാപകമായി ലഭിക്കുന്ന അവസ്ഥ ഉണ്ടായി. അതിന്റെ കൂടി ഫലമാണ് മലയാളിയുടെ ഗള്‍ഫ് കുടിയേറ്റം. ലോകത്തിലെ എല്ലാ വികസിത രാജ്യങ്ങളുടെയും വളര്‍ച്ചക്ക് പിന്നില്‍ ഭൂപരിഷ്‌കരണം എന്ന ഘടകം ഉണ്ട്. ഇന്ത്യയില്‍ ഒന്നായി അത് ഉണ്ടായില്ല. എന്നാല്‍ അത് നടന്ന കേരളത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഒന്നും നേടാന്‍ കഴിയാത്ത നേട്ടങ്ങളാണ് കഴിഞ്ഞ ആറു പതിറ്റാണ്ടു കൊണ്ട് കേരളം നേടിയത്. അതിന്റെ എല്ലാം അടിസ്ഥാനം ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ പരിഷ്‌കരണവുമാണ്. കൈവരിച്ച നേട്ടങ്ങള്‍ അടിസ്ഥാനമാക്കി ഇനിയും മുന്നോട്ടു പോയി കൂടുതല്‍ നല്ല ഒരു കേരളം കെട്ടിപ്പടുക്കണം. അതിനാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്നും എം.എ.ബേബി വ്യക്തമാക്കി.

കേരളത്തെക്കുറിച്ച് പറയുമ്പോള്‍ അതില്‍ ഗള്‍ഫ് മലയാളികളെ കുറിച്ച് പറയാതിരിക്കാനാകില്ല. ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ ഇന്ന് വലിയ പ്രതിസന്ധികളെ നേരിടുന്നുണ്ട്. 2014 ല്‍ മാത്രം തിരിച്ചു വന്നവരുടെ എണ്ണം 13 ലക്ഷമായിരുന്നു. ഇത് കേരളത്തിന്റെ സമ്പദ് ഘടനയെ എങ്ങനെ ബാധിക്കും എന്നത് ഒരു വലിയ പ്രശനം തന്നെ ആണ്. വിദേശ മലയാളികളില്‍ 86 ശതമാനവും ഗള്‍ഫ് മലയാളികളാണ്. കേരളത്തിന്റെ ആകെ ആഭ്യന്തര സാമ്പത്തിക വരുമാനത്തിന്റെ 37 ശതമാനത്തിനു തുല്യമായ തുക ഗള്‍ഫ് മലയാളികള്‍ പ്രദാനം ചെയ്യുന്നുണ്ട്. ഈ സമ്പത്തു എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം, പ്രവാസികളുടെ പുനരധിവാസം എങ്ങനെ ഫലപ്രാപ്തിയില്‍ എത്തിക്കാം എന്നതെല്ലാം ഈ രംഗത്തെ വെല്ലുവിളികളാണ്. ഗള്‍ഫ് സംരംഭകര്‍ക്ക് വളരെ വലിയ പ്രോത്സാഹനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഈ രംഗത്തെ കുറിച്ച് പഠിച്ചു റിപ്പോർട്ട് സമര്‍പ്പിക്കാന്‍ ഒരു വിദഗ്ധ സമിതിയെ തന്നെ ഇതിനകം നിയോഗിച്ചു കഴിഞ്ഞുവെന്നും എം.എ.ബേബി പറഞ്ഞു.
ഓറിയെന്റല്‍ പാലസ് ഹോട്ടലില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രതിഥ പ്രസിഡന്റ് മഹേഷ് അധ്യക്ഷനായി. സെക്രട്ടറി ഷെരിഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു. മുതിര്‍ന്ന നേതാവ് സി.വി.നാരയണന്‍. കവി പവിത്രന്‍ തീക്കുനി എന്നിവര്‍ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ