കുവൈത്ത് സിറ്റി: കുവൈത്തിൽ മന്ത്രിതല കൂടിയാലോചനക്കെത്തിച്ചേര്‍ന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെക്കാണാന്‍ കുവൈത്ത് എംബസിക്ക്‌ മുൻപിൽ ഖറാഫി നാഷണല്‍, മിഷറഫ്, ബയാന്‍‌ എന്നീ കമ്പനി തൊഴിലാളികലെത്തി. മന്ത്രി വരുന്നുണ്ടെന്നറിഞ്ഞു ഉച്ച മുതലേ തൊഴിലാളികള്‍ എംബസിയിലേക്ക് എത്തിക്കൊണ്ടിരുന്നു.

മാസങ്ങളായി‌ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന നൂറുകണക്കിനു തൊഴിലാളികളാണു എംബസിക്ക്‌ മുൻപിൽ തടിച്ച്‌ കൂടിയത്‌. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഈ കമ്പനികളിലെ തൊഴിലാളികൾക്ക്‌ ഭക്ഷണവും വെള്ളവുമടക്കം അടിസ്ഥാന സൗകര്യങ്ങൾ വരെ നിഷേധിച്ച അവസ്ഥയാണുള്ളത്‌. രാജിവെച്ച തൊഴിലാളികൾക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ പോലും കമ്പനികൾ തയാറായിട്ടില്ല. ഈ കമ്പനികളിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് രാജ്യത്ത് തങ്ങുന്നതിനോ രാജ്യം വിടുന്നതിനോ ആവശ്യമായ താമസ രേഖകളുടെ കാലാവധിയും അവസാനിച്ചിരിക്കുകയാണ്. ആയതിനാല്‍ തന്നെ നാട്ടില്‍ പോകുന്നതിനും സാധിക്കുന്നില്ല.‌ തങ്ങളുടെ ബന്ധു മിത്രാദികളുടെ മരണം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടും നാട്ടില്‍ പോകാന്‍ കഴിയാത്തവരും ഇക്കൂട്ടത്തിലുണ്ട്.

മന്ത്രിയെക്കാണാതെ പിരിഞ്ഞ്‌ പോകില്ലെന്ന നിലപാടില്‍ എംബസി ഗേറ്റിനു മുന്നില്‍ കുത്തിയിരുന്ന തൊഴിലാളികള്‍ മന്ത്രിയുമായി നേരിട്ട് തങ്ങളുടെ പ്രശ്നങ്ങള്‍ സംസാരിച്ചേ മടങ്ങി പോകൂ എന്ന തീരുമാനത്തിലായിരുന്നു. ഒടുവില്‍ എംബസിയില്‍ കമ്മ്യൂണിറ്റി മീറ്റിങ്ങിനെത്തിയ മന്ത്രി തൊഴിലാളികളുമായി സംസാരിക്കാന്‍ തയാറായി. തങ്ങളുടെ ദുരിതങ്ങള്‍ മന്ത്രിക്ക് മുന്നില്‍ കെട്ടഴിച്ച തൊഴിലാളികള്‍, പോയ മാസങ്ങളില്‍ എംബസി നടത്തിയ ഇടപെടലുകളൊന്നും ഫലം കണ്ടില്ലെന്നും മന്ത്രിയോട് പരാതിപ്പെട്ടു. എത്രയും പെട്ടെന്ന്‍ പ്രശ്നങ്ങള്‍ക്ക് അറുതി വരുത്തണമെന്നും അവര്‍ മന്ത്രിയോട് അഭ്യര്‍ഥിച്ചു. പ്രശ്നങ്ങള്‍ കുവൈത്ത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താമെന്ന് മന്ത്രി തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി.

പ്രഹസനമായി കമ്മ്യൂണിറ്റി മീറ്റിങ്

കുവൈത്ത് സിറ്റി: കുവൈത്ത് സന്ദര്‍ശനത്തിന്നായി എത്തിച്ചേര്‍ന്ന കേന്ദ്ര വിദേശകാര്യ സഹ മന്ത്രി എം.ജെ.അക്ബര്‍ പങ്കെടുത്തുകൊണ്ട് കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ വിളിച്ചുചേര്‍ത്ത ഇന്ത്യന്‍ സമൂഹത്തിന്‍റെ യോഗം തീര്‍ത്തും പ്രഹസനമായി മാറി. സാധാരണഗതിയില്‍ കുവൈത്ത് സന്ദര്‍ശിക്കുന്ന വിവിധ മന്ത്രിമാര്‍ ഇത്തരത്തിലുള്ള യോഗം വിളിച്ചു ചേര്‍ത്ത് ഇന്ത്യന്‍ സമൂഹത്തിലെ പൗരന്മാരുമായി സംവദിക്കുക പതിവാണ്. ആ രീതിയില്‍ തന്നെയായിരുന്നു ഇന്ത്യന്‍ എംബസി നേരത്തെ നല്‍കിയ അറിയിപ്പും. അതനുസരിച്ച് കുവൈത്ത് ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍, സാംസ്കാരിക സംഘടന പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ ബിസിനസ് രംഗത്തെ പ്രമുഖര്‍ തുടങ്ങി ഒരു വലിയ ജനാവലി തന്നെ യോഗത്തിനെത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ എല്ലാവരെയും നിരാശരാക്കി നരേന്ദ്ര മോദിയെ പുകഴ്ത്തിയുളള പതിനഞ്ചു മിനിറ്റില്‍ താഴെയുള്ള പ്രസംഗം മാത്രമായിരുന്നു മന്ത്രിയില്‍ നിന്നും ഉണ്ടായത്. ഇതിനിടക്ക് സദസ്സില്‍ നിന്നും വിവിധ ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും അതിനൊന്നും ചെവികൊടുക്കാതെ മന്ത്രി സ്ഥലം വിടുകയായിരുന്നു.

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്മെന്റ് പുനരാരംഭിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം, വലിയ കോഴ വിവാദം ഉണ്ടാക്കിയ കുവൈത്തിലേക്കുള്ള ഇന്ത്യന്‍ നഴ്സുമാരുടെ നിയമനത്തിന് വീണ്ടും സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി കുവൈത്തിലെ പ്രവാസി സമൂഹം നേരിടുന്ന ഒരു വിഷയത്തെയും പ്രതിപാദിക്കാതെയുള്ള മന്ത്രിയുടെ ഇടപെടലിനെതിരെ കടുത്ത പ്രതിഷേധമാണ് ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ