മക്ക: ഉംറ നിര്‍വഹിക്കാനെത്തിയ കുവൈത്ത് തീര്‍ത്ഥാടകന്റെ കാണാതെ പോയ പണം തിരികെ കിട്ടി. മദീനയില്‍ വെച്ച് കാണാതായ പണമാണ് മക്കയില്‍ വെച്ച് തിരികെ കിട്ടിയത്. സെയ്ദ് അല്‍ ഖബ്ബാര്‍ എന്ന തീര്‍ത്ഥാടകനാണ് കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയത്. മദീനയില്‍ നിന്നും മക്കയിലേക്ക് പുറപ്പെടാന്‍ നില്‍ക്കുമ്പോഴാണ് 16,000 റിയാല്‍ (ഏകദേശം 2.70 ലക്ഷം രൂപ) നഷ്ടമായത്.

ഒരു വൃദ്ധനായ മനുഷ്യന്‍ ഇഹ്റാം കെട്ടാന്‍ ബുദ്ധിമുട്ടുന്നത് കണ്ടാണ് ഖബ്ബാറും കുടുംബവും ഇയാളെ സഹായിച്ചത്. കൈയിലുണ്ടായിരുന്ന പഴ്സും വസ്ത്രങ്ങളും 16000 റിയാല്‍ സൂക്ഷിച്ചിരുന്ന പൊതിയും താഴെ വെച്ചാണ് വൃദ്ധനെ സഹായിച്ചത്. എന്നാല്‍ ഇതിന് ശേഷം പോകാന്‍ ഒരുങ്ങിയപ്പോള്‍ പണപ്പൊതിയും വസ്ത്രങ്ങളും നിലത്ത് നിന്നും എടുക്കാന്‍ മറക്കുകയായിരുന്നു. പിന്നീട് ഒരു ടാക്സി കാറിലാണ് അദ്ദേഹവും കുടുംബവും മക്കയിലേക്ക് പോയത്. മക്കയിലെത്തി ടാക്സി ഡ്രൈവര്‍ക്ക് പണം നല്‍കാന്‍ നോക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.

കാര്‍ ഡ്രൈവര്‍ ബന്ധപ്പെട്ടത് പ്രകാരം ഇയാളുടെ മദീനയിലുള്ള സഹോദരന്‍ തിരച്ചില്‍ നടത്തിയെങ്കിലും പണം തിരികെ കിട്ടിയില്ല. വസ്ത്രങ്ങള്‍ മാത്രമാണ് തിരികെ കിട്ടിയതെന്ന് ടാക്സി ഡ്രൈവറുടെ സഹോദരന്‍ അറിയിച്ചു. എന്നാല്‍ പിറ്റേന്ന് ഖബ്ബാറിന് മദീനയില്‍ നിന്നും പോണ്‍കോള്‍ വരികയും പണം കിട്ടിയ ആരോ ഒരാള്‍ കൗണ്ടറില്‍ പണം ഏല്‍പ്പിച്ചതായും അറിയിച്ചു.

തുടര്‍ന്ന് മദീനയിലുള്ള അധികൃതര്‍ മക്കയിലേക്ക് പണം അയച്ചുകൊടുക്കുകയായിരുന്നു. മക്കയില്‍ നിന്നും ഇത്ര ദൂരെയുള്ള മദീനയില്‍ നഷ്ടപ്പെട്ട പണം തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായി സൗദി ഗസറ്റെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ