കുവൈത്ത് സിറ്റി: കുവൈത്തിൽ സിവിൽ പ്രവാസികളുടെ സിവിൽ ഐഡി ഉപയോഗിച്ച് വ്യാജ പ്രീപെയ്ഡ് കണക്ഷനും ഇന്റർനെറ്റ് ലൈനും മൊബൈൽ ഫോണും എടുക്കുന്ന തട്ടിപ്പ് അധികരിച്ചു വരുന്നു. ഒരു വർഷം കഴിഞ്ഞു അവധിക്ക് പോകാൻ എയർപോർട്ടിൽ എത്തുമ്പോഴാണ് പലരും സ്വന്തം പേരിൽ ടെലികോം കമ്പനികളിൽ ഭീമമായ തുക ബാക്കികിടക്കുന്നത് കാരണം യാത്ര നിരോധനം ഉണ്ട് എന്നറിയുന്നത്. മറ്റു ചിലർ, ടെലികോം കമ്പനിയിൽ നിന്നും ലീഗൽ വകുപ്പ് വിളിക്കുമ്പോഴാണ് താങ്കൾ ചതിയിൽ അകപ്പെടുന്നത് അറിയുന്നത്. ഇത്തരത്തിൽ 150ദിനാർ (32,000രൂപ) മുതൽ 2000ദിനാർ (4,25,000രൂപ) വരെ നഷ്ടത്തിൽ ആയവർ നിരവധിയാണ്.

നിയമപരമായി ഇതിനെ എങ്ങിനെ നേരിടണം എന്നതിനുള്ള അജ്ഞതയും പ്രശ്നത്തിൽ നിന്നും ഏത് വിധേനയും രക്ഷപ്പെടാനും യാത്രാ വിലക്ക് ഒഴിവാക്കാനും പണം സ്വരൂപിച്ച് അടക്കുകയാണ് ഈ ഹതഭാഗ്യർ. നിയമസഹായം ലഭിക്കണമെങ്കിൽ ഒരു വക്കീലിന് കുറഞ്ഞത് 250 ദിനാർ (50,000രൂപ) ഫീസ് നൽകേണ്ടിവരും. അടവ് തുക പെട്ടെന്ന് അടച്ചില്ലെങ്കിൽ 3 ഇരട്ടി പിഴയും നിയമനടപടിയും നേരിടേണ്ടിവരും എന്ന ഭീഷണിയും കമ്പനികൾ മുഴക്കുന്നത് കാരണം പ്രവാസികൾ പെട്ടെന്ന് ഇത് തീർപ്പാക്കാൻ ശ്രമിക്കുന്നു. ലൈൻ എടുത്ത അപേക്ഷയിലും കമ്പനി രേഖകളിലും ചൂഷണത്തിന് ഇരയായവരുടെ സിവിൽ ഐഡി കോപ്പി ഉണ്ട് എന്നതൊഴിച്ചാൽ, ഒപ്പും വിരലടയാളവും എല്ലാം വേറെയാണ് എന്നതിൽ നിന്നും ഇതുമായി ആ വ്യക്തിക്ക് ബന്ധം ഇല്ല എന്ന് കമ്പനിക്ക് തന്നെ ബോധ്യമാണ്.

ഒരാൾ പ്രവാസി ആകുന്ന അന്ന് മുതൽ വിരലടയാളം കുവൈത്തിൽ ഒരു നിർണായക തെളിവാണ് എന്നിരിക്കെ അത് ഉപയോഗിച്ച് നിരപരാധികളെ മാനസികവും സാമ്പത്തികവും ആയി പീഡിപ്പിക്കാതെ നിക്കേണ്ട കടമ കമ്പനികൾക്കും ഉണ്ട്. എന്നാൽ കണക്കിൽ ഉള്ള പണം വസൂലാക്കുക എന്നത് മാത്രം ലക്ഷ്യമാക്കി അവർ ആ സത്യത്തിനു പരിഗണന നൽകാത്തത് നീതി നിഷേധമാകുന്നു. അങ്ങനെ തെറ്റ് ചെയ്തവൻ അത് തുടരുകയും നിരപരാധി അതിന്റെ ദുരിതഫലം അനുഭവിക്കുകയും ചെയ്യുന്നു. നൂറുകണക്കിന് കേസുകൾ ഇപ്പോൾ തന്നെ കുവൈത്തിൽ കോടതിയുടെ പരിഗണനയിൽ ഉണ്ട് എന്നാണു അറിയാൻ കഴിഞ്ഞത്. രണ്ടു വർഷം മുമ്പ് ചുരുക്കം ചില സന്നദ്ധ സംഘടനകൾ ഇതിനെ കുറിച്ച് ബോധവത്കരണവും നിയമസഹായവും നൽകിയെങ്കിലും പൂർണമായും അത് ഫലപ്രദമായില്ല. കാരണം ഇതിനെതിരെ ശക്തമായ നടപടി എടുക്കേണ്ടത് ടെലികോം കമ്പനികളാണ്.

വ്യക്തി നേരിട്ട് വരാതെ കണക്ഷനുകൾ നൽകുന്നതിൽ ടെലികോം കമ്പനി ഉദ്യോഗസ്ഥരുടെ വ്യക്തമായ ഇടപെടൽ ഉണ്ട് എന്നതിൽ സംശയം ഇല്ല. ഓരോ കൗഡറിലെയും ജീവനക്കാരന്റെ പൂർണ അറിവോടെ അല്ലാതെ ഒരു കണക്ഷനും മൊബൈലും നൽകാനും അപേക്ഷ സ്വീകരിച്ച ഇലക്ട്രോണിക് സ്‌ക്രീനിൽ ഒപ്പും വിരലടയാളവും രേഖപ്പെടുത്താനും കഴിയില്ല, ശേഷം അതേ ജീവനക്കാരൻ സ്വന്തം യുസർ ഐഡി ഉപയോഗിച്ച് പാസ്‌വേഡ് വഴി അപേക്ഷ കമ്പ്യൂട്ടറിൽ അംഗീകരിക്കാതെ ലൈൻ ആക്ടീവ് ആകില്ല എന്നതാണ് ശരിയായ അവസ്ഥ. തേടി ചെയ്ത സ്വന്തം ജീവനക്കാരെ ശിക്ഷിക്കാതെ, പണം മാത്രം ലക്ഷ്യം വെച്ച് മുന്നോട്ട് പോകുന്ന ടെലികോം കമ്പനികളുടെ പ്രധാന ആയുധം സാധാരണ പ്രവാസി തൊഴിലാളികളുടെ നിസ്സഹായതയും അറിവില്ലായ്മയും ഭയവും ആണ്.

സാധാരണയായി ടെലിഫോൺ- ഇന്റർനെറ്റ് ലൈൻ, മൊബൈൽ എടുക്കുവാൻ അപേക്ഷിക്കുന്ന വ്യക്തി നേരിട്ട് ഔദ്യോഗിക സെയിൽസ് കൗണ്ടറിൽ പോയി, സിവിൽ ഐഡി കോപ്പി നൽകി, അപേക്ഷയിൽ ഒപ്പിട്ടു, മെഷിൻ വഴി വിരലടയാളം രേഖപ്പെടുത്തി, ശേഷം അപേക്ഷ ഫോം പ്രിന്റ് ചെയ്ത് അതിൽ വീണ്ടും ഒപ്പിട്ട ശേഷം ആണ് ലൈനും മൊബൈലും നൽകുന്നത്. ടെലികോം കമ്പനി സെയിൽസ് കൗണ്ടർ ജീവനക്കാർ സഹകരിക്കാതെ ഇത്തരം ഒരു തട്ടിപ്പിന് സാധ്യത ഇല്ലാത്തതും ഇത് കൊണ്ടാണ്. ധാരാളം ഇന്ത്യക്കാർ, പ്രത്യേകിച്ചും മലയാളികൾ ഇത്തരം തട്ടിപ്പിന് വിധേയരായിട്ടുണ്ട്. അധികാരികൾ വഴി ഈ വിഷയം കമ്പനികളുടെ ശ്രദ്ധയിൽ പെടുത്താൻ എംബസിയും പ്രവാസി സംഘടനകളും മുന്നിട്ടിറങ്ങേണ്ട സമയം അധികരിച്ചിരിക്കുന്നു.

ചൂഷണത്തിനും തട്ടിപ്പിനും ഇരയാകുന്ന പ്രവാസികൾക്ക് മുൻകൂർ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളുമായി കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ഉടനെ തന്നെ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്. ഇത്തരം ചൂഷണങ്ങൾക്ക് പാത്രമായവരെ (മലയാളിയും അല്ലാത്തവരും ആയ ഇന്ത്യക്കാർ) അറിയുന്നവർ അവരുടെ വിവരങ്ങൾ KPWA ഭാരവാഹികൾക്ക് നൽകണം എന്നും അധികാരികളുടെ ശ്രദ്ധ ലഭിക്കാനും നിയമസഹായത്തിനും എംബസ്സിയുടെ പിന്തുണക്കുമായി എല്ലാ സംഘടനകളുടെയും സഹകരണം ഈ വിഷയത്തിൽ ഉറപ്പുവരുത്താൻ KPWA പ്രതിജ്ഞാബദ്ധമാണെന്നും കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് മുബാറക്ക് കാമ്പ്രത്ത് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ