റിയാദ്: റിയാദ് കലാഭവന്‍ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ അത്യുജ്വല അധ്യായങ്ങളിലൊന്നായ മലബാർ ഖിലാഫത്തിന്റെ ചരിത്രം ഇതിവൃത്തമാക്കിയ ‘1921 ഖിലാഫത്ത്’ നാടകം ഫെബ്രുവരി 2 വെളളി രാത്രി 7.30ന് അരങ്ങേറും. നാടകത്തിൽ ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാടിയ ഇന്ത്യൻ രക്തത്തിന്റെ പ്രതീകങ്ങളായ ആലി മുസ്ലിയാരും വാരിയം കുന്നത്തും ഉൾപ്പടെ നിരവധി ധീര ദേശാഭിമാനികൾ പുനരവതരിക്കും. സംഘടനയുടെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് നാടകം അരങ്ങേറുന്നത്.

പ്രമുഖ നാടക കലാകാരനും കേരള സംസ്​ഥാന നാടക അവാർഡ്​ ജേതാവുമായ ജയൻ തിരുമന രചനയും സംവിധാനവും നിർവഹിക്കുന്ന നാടകം അരങ്ങിലും അണിയറയിലുമായി പ്രവാസികളുടെ പങ്കാളിത്തത്തിൽ ഒരുങ്ങുകയാണ്​. നാടകത്തിലെ 75 കഥാപാത്രങ്ങളെ പ്രവാസികളായ 40 കലാകാരന്മാർ അവതരിപ്പിക്കും. ഇക്​ബാൽ എടവിലങ്ങാടാണ്​ ദീപ സംവിധാനം. ലോകമെമ്പാടുമുള്ള വർത്തമാന രാഷ്​ട്രീയ സാമൂഹിക പരിസരത്ത്​ നിന്നാണ്​ ഒരു നൂറ്റാണ്ടിന്​ അപ്പുറം നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തെ ഈ നാടകം നോക്കിക്കാണുന്നതെന്ന്​ ജയൻ തിരുമാന പറഞ്ഞു.

സൂര്യനസ്​തമിക്കാത്ത ബ്രിട്ടീഷ്​ സാമ്രാജ്യത്തിന്റെ കൊളോണിയൽ ആധിപത്യത്തെ അകറ്റിനിറുത്താൻ ഏറനാട്​, വള്ളുവനാട്​ പ്രദേശങ്ങളിലെ ഖിലാഫത്ത്​ പ്രവർത്തകർക്ക്​ കഴിഞ്ഞു എന്നതാണ്​ ചരിത്രം. വർത്തമാനകാലത്തെ ഫാഷിസ്​റ്റ്​ അധിനിവേശങ്ങൾക്ക്​ എതിരേയും വർഗീയ മുന്നേറ്റങ്ങളെ പിടിച്ചുകെട്ടാനും ഓരോ ഭാരതീയനും ചെറുത്തുനിൽപ്പിനുള്ള മനഃപാഠ പുസ്​തകമാണ്​ ഈ നാടകമെന്നും അദ്ദേഹം വിശദീകരിച്ചു.
കലാരംഗത്ത്​ മികച്ച സംഭാവന നൽകുന്നവരെ പ്രവാസി കർമ പുരസ്​കാരം നൽകി വാർഷികാഘോഷ ചടങ്ങിൽ ആദരിക്കുമെന്ന്​ കലാഭവൻ ഭാരവാഹികൾ പറഞ്ഞു. ഷാജഹാൻ കല്ലമ്പലം, റഫീഖ്​ മാനങ്കേരി, ഷാരോൺ ശരീഫ്​, ഷംനാദ്​ കരുനാഗപ്പള്ളി, വിജയൻ നെയ്യാറ്റിൻകര എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ