മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞ അഞ്ചുമാസമായി നടന്ന കേരള സൂപ്പര്‍ ലീഗ് സീസണ്‍ ടുവില്‍ ഗോവന്‍ മുന്‍നിര ക്ലബായ സാല്‍സെറ്റ് യുനൈറ്റഡിന് കീരീടം. ബഹ്‌റൈനിലെ 10 പ്രമുഖ ക്ലബ്ബുകള്‍ പങ്കെടുത്ത ലീഗില്‍ കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ഷോ സ്‌റ്റോപ്പേഴ്‌സ്, യുവകേരള, മറീന എന്നിവരെ മറികടന്നാണ് സാല്‍സെറ്റ് കിരീടം നേടിയത്.

ടീമിന്റെ ലീഗ് വിജയത്തിന് ചുക്കാന്‍ പിടിച്ച മുന്‍ ജൂനിയര്‍ ഇന്ത്യന്‍ താരം റീഗന്‍ ജൂലിയോ ആണ് ടൂര്‍ണമെന്റിലെ മികച്ച താരം. 15 ഗോളുമായി സാല്‍സെറ്റിന്റെ അഗ്‌നീലോ ടോപ് സ്‌കോറര്‍ ആയപ്പോള്‍ മികച്ച മിഡ്ഫീല്‍ഡര്‍ ആയി യുവകേരളയുടെ ക്യാപ്റ്റന്‍ ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ടു. അല്‍ കേരളാവിയുടെ ഫാരിസ് മികച്ച അണ്ടര്‍ 19 താരമായി. മികച്ച ഗോള്‍കീപ്പര്‍ അവാര്‍ഡ് ബിഐഎഫ്എഫ്‌ന്റെ ജംഷീര്‍ നേടി. ടൂര്‍ണമെന്റിലെ ഏറ്റവും നല്ല ഗോളിനുള്ള പുരസ്‌കാരം ബിഐഎഫ്എഫ്‌ന്റെ തന്നെ മുനീര്‍ കരസ്ഥമാക്കി. ഗള്‍ഫ് ദിവാനിയ ഗ്രൂപ്പ്, ഓള്‍ കേരളാവി ക്ലബ്ബുമായി ചേര്‍ന്നാണ് സൂപ്പര്‍ ലീഗ് സംഘടിപ്പിച്ചത്.

വിജയികള്‍ക്കുള്ള കീരീടം കെഎംസിസി ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ സമ്മാനിച്ചു. ലീഗ് ചാംപ്യന്മാര്‍ക്കുള്ള ദിവാനിയ കപ്പ് സവാദും ക്യാഷ് പ്രൈസ് മിഹ്‌റാസും നല്‍കി. നിസാര്‍ ഉസ്മാന്‍, മുന്‍ ടൈറ്റാനിയം താരം തിലകന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. ബിഐഎഫ്എഫ് എഫ്‌സി, കെഎംസിസി, അല്‍ കേരളാവി, കന്യാകുമാരി എഫ്‌സി, ഡെസര്‍ട് ഡ്യൂക്‌സ്, കേരളാ ഹൗസ് യുനൈറ്റഡ് എന്നിവരാണ് ലീഗില്‍ പങ്കെടുത്ത മറ്റ് ടീമുകള്‍.

അവാര്‍ഡ്ദാന ചടങ്ങിന്റെ ഭാഗമായി ലീഗിലെ ആദ്യ നാല് സ്ഥാനക്കാര്‍ തമ്മില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഷോസ്‌റ്റോപ്പേഴ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് മറീന എഫ്‌സി കീരീടം നേടി. ഗോള്‍കീപ്പര്‍ റിന്റോയുടെ മികവാണ് മറീനക്ക് തുണയായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ