മനാമ: പ്രവാസത്തിന്റെ മരുഭൂമിയില്‍ കേരളത്തിലെ വിളകള്‍ ഉല്‍പ്പാദിപ്പിച്ച കൃഷീവലന്‍മാര്‍ ധാരാളം. എങ്കിലും ചക്ക കായ്ക്കുന്നത് മുമ്പു കേട്ടിട്ടില്ല. മറ്റു പല ഗള്‍ഫ് രാജ്യങ്ങളിലും ചക്കയുണ്ടായ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബഹ്‌റൈന്‍ അക്കാര്യത്തിലും പ്രശസ്തരായിരിക്കയാണ്. ഉമ്മുല്‍ഹസത്താണ് സംഭവം.

മരുഭൂമിയില്‍ വേനലിനു കാഠിന്യമേറുമ്പോഴും മുറ്റത്തു പ്ലാവ് കായ്ചതിന്റെ ആഹ്ലാദത്തിലാണ് ഉമ്മുല്‍ ഹസത്തെ വില്ലയിലെ മലയാളികളായ താമസക്കാര്‍. നാലു വീടുള്ള ഈ കോമ്പൗണ്ടില്‍ ഇപ്പോള്‍ താമസിക്കുന്നവരൊന്നും നട്ടതല്ല ഈ പ്ലാവ്. അവരൊക്കെ നാലഞ്ചു വര്‍ഷത്തിനുള്ളില്‍ താമസിക്കാനെത്തുമ്പോള്‍ മുറ്റത്ത് ഈ മരം ഇങ്ങനെ വളര്‍ന്നു വരുന്നുണ്ടായിരുന്നു. ഇലയുടെ രൂപവും തടിയുടെ തരവും കണ്ടപ്പോള്‍ പ്ലാവാണോ അല്ലയോ എന്ന സംശയമായിരുന്നു. എന്നാല്‍ കണ്ടുകണ്ടങ്ങിരിക്കെ ഈ മരത്തില്‍ ചക്കയുണ്ടായി. കൈയെത്തും ദൂരത്ത് ചക്ക കായ്ച്ചു നില്‍ക്കുന്ന പ്ലാവും ചക്കയും കാണാന്‍ ധാരാളം പേര്‍ എത്തുന്നുണ്ട്. പ്ലാവില്‍ ചക്ക കായ്ച്ചു നില്‍ക്കുന്നത് ആദ്യമായിക്കാണുന്ന മലയാളി കുട്ടികളും ഇക്കൂട്ടത്തിലുണ്ട് എന്നതാണു പ്രത്യേകത.

ബുദയ്യയിലെ കോണ്ടോര്‍ ടെക്‌നോളജിയില്‍ ഐടി വിഭാഗത്തില്‍ ജോലി ചെയ്യുന്ന എറണാകുളം വൈപ്പിനിലെ അബ്ദുല്‍ ജലീല്‍ ആമിന ദമ്പതികളും മക്കള്‍ ഹാഫിദ്, ഇഷാം എന്നിവരും ചക്കകാണാന്‍ വരുന്നവരെ സ്വീകരിക്കാനുള്ള തിരക്കിലാണ്. കൂടെ ഇവിടുത്തെ താമസക്കാരായ കോഴിക്കോട് പൂനൂര്‍ സ്വദേശികളായ അബ്ദുല്ല താഹിറ ദമ്പതികള്‍, വടകര സ്വദേശി റിയാസ് ബാങ്കോക് ഷഹനാസ് ദമ്പതികള്‍ എന്നിവരും ഈ കോമ്പൗണ്ടിലാണു താമസിക്കുന്നത്. ഇവിടെ പ്ലാവിനോടു ചേര്‍ന്ന് ഒരു ഞാവല്‍ മരവുമുണ്ട്. മുമ്പ് ഇവിടെ താമസിച്ച ഏതോ മലയാളി മണ്ണിനു നല്‍കിയ സമ്മാനമാണിതെന്നു താമസക്കാര്‍ പറയുന്നു.

ആ പാരമ്പര്യം പിന്‍തുടര്‍ന്നുകൊണ്ട് ഇപ്പോഴത്തെ താമസക്കാര്‍ മുറ്റത്തും പരിസരങ്ങളിലുമെല്ലാം ധാരാളം കൃഷി നടത്തുന്നുണ്ട്. നാട്ടില്‍ നിന്നുകൊണ്ടുവന്ന കപ്പയും വാഴയും ചീരയുമെല്ലാം ഇവിടം ഹരിതാ’മാക്കുന്നു. ചക്കമൂത്താല്‍ മുറിച്ച് കഷണങ്ങളാക്കി എല്ലാവര്‍ക്കും നല്‍കണമെന്നാണ് ആഗ്രഹമെന്നു താമസക്കാര്‍ പറയുന്നു. ചക്ക കായ്ച്ചത് ഇതിനിടെ സോഷ്യല്‍ മീഡിയയിലും വൈറലായി. ചക്കയെക്കുറിച്ചു കേട്ടറിഞ്ഞ് ഒരു നോക്കു കാണാന്‍ മലയാളികല്ലാത്ത പ്രവാസികളും എത്തി തുടങ്ങിയിട്ടുണ്ട്. സ്വദേശികളൊന്നും വിവരം അറിഞ്ഞിട്ടില്ലെന്നാണ് താമസക്കാര്‍ പറയുന്നത്. ചക്ക കിലോക്ക് പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു ദിനാറിന് മുകളില്‍ വിലയുള്ള സമയത്താണ് ബഹ്‌റൈനില്‍ ആദ്യമായി ചക്കയുണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ