മനാമ: ബഹ്‌റൈനില്‍ നിന്നു മല്‍സ്യ ബന്ധനത്തിനു പോയി ഇറാന്‍ തടവിലായ ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കു മോചനം. സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ ഒക്ടോബറിലാണ് തൊഴിലാളികള്‍ ഇറാന്‍ തീര സംരക്ഷണ സേനയുടെ പിടിയിലായത്. 15 തമിഴ് തൊഴിലാളികളും ആറ് ബംഗ്ലാദേശ് തൊഴിലാളികളും ഉള്‍പ്പെടുന്ന സംഘം അഞ്ചു ദിവസത്തിനകം തിരിച്ചെത്തുമെന്നാണു കരുതുന്നത്. ഇറാനിയന്‍ കോടതി തൊഴിലാളികളെ കുറ്റവിമുക്തരാക്കിയതിനെ തുടര്‍ന്നാണിത്.

ഇറാന്‍ പിടികൂടിയ ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ ഇറാനില്‍ നരകയാതന അനുഭവിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബഹ്‌റൈനില്‍ നിന്നു മൂന്നു ബോട്ടുകളില്‍ പോയ തൊഴിലാളികളെ ഒക്ടോബര്‍ 20 നാണ് ഇറാന്‍ കോസ്റ്റ്ഗാര്‍ഡ് കസ്റ്റഡിയില്‍ എടുത്തത്. ഇറാന്റെ തെക്കുള്ള കിഷ് ദ്വീപിനു സമീപത്തുനിന്നാണു തൊഴിലാളികളെ പിടികൂടിയത്. ഇവരെ കിഷ് ദ്വീപിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.

തന്റെ ബോട്ടില്‍ ജോലി ചെയ്തിരുന്ന ഏഴ് ഇന്ത്യന്‍ തൊഴിലാളികളുടെ മോചനത്തിനായി ഇറാനിയന്‍ കോടതി ആവശ്യപ്പെട്ട പിഴ സംഖ്യ ബോട്ടുടമ നല്‍കുകയും കോടതി ആവശ്യപ്പെട്ട തൊഴിലാളികളുടെ പാസ് പോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും ഇറാനിലെ തന്റെ പ്രതിനിധി മുഖേനെ ഹാജരാക്കുകയും ചെയ്തിരുന്നു. തൊഴിലാളികളുടെ മോചനവുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ക്കു തെഹ്‌റാനിലെ ഇന്ത്യന്‍ എംബസ്സി പങ്കുവഹിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ