റിയാദ്: സൗദി അറേബ്യ ലക്ഷ്യം വച്ച് ഹൂതി വിമതർ നടത്തിയ രണ്ട് ആക്രമണ ശ്രമവും സൗദി പ്രതിരോധസേന പരാജയപ്പെടുത്തി. ബുധനാഴ്ച രാവിലെ 7.40 നാണ് അബഹ രാജ്യാന്തര വിമാനത്താവളം ലക്ഷ്യമാക്കി പൈലറ്റില്ലാ വിമാനം വന്നത്. എയർപോർട്ട് ലക്ഷ്യമാക്കി ഡ്രോൺ വരുന്നത് വ്യോമ പ്രതിരോധ നിരീക്ഷണ സംവിധാനത്തിന്റെ ശ്രദ്ധയിൽ പെട്ടയുടൻ വെടിവച്ചിടുകയായിരുന്നു. താൽകാലികമായി വ്യോമ ഗതാഗതം നിർത്തിവച്ചെങ്കിലും ഉടൻ പുനരാരംഭിച്ചു.

തകർന്നു വീണ ഡ്രോണിന്റെ അവശിഷ്‌ടങ്ങൾ പരിശോധിച്ചപ്പോഴാണ് ഡ്രോൺ ഇറാൻ നിർമ്മിതമാണെന്നും വിമാനത്താവളം ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും വ്യക്തമായത്. തുടർന്ന് വൈകിട്ട് 5.30 മണിയോടെയാണ് തലസ്ഥാന നഗരിയായ റിയാദ് ലക്ഷ്യം വച്ച് എത്തിയ ബാലിസ്റ്റിക് മിസൈൽ പ്രധിരോധ സേന തകർത്തത്.

രണ്ട് ആക്രമണ ശ്രമവും ലക്ഷ്യം കാണും മുമ്പ്​ സൗദി ​പ്രതിരോധ സംവിധാനം തകർത്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉഗ്ര ശബ്ദം കേട്ടതായി പ്രദേശ വാസികൾ പറഞ്ഞു. മൂന്ന് വർഷത്തിനിടെ നൂറിലധികം തവണ സൗദിക്ക് നേരെ ഹൂതി വിമതർ മിസൈലുകൾ അയച്ചിട്ടുണ്ട്. എല്ലാ മിസൈലുകളും സൗദി പ്രതിരോധ സേന ലക്ഷ്യത്തിലെത്തും മുമ്പ് തകർക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ