ജിദ്ദ: വർഷത്തിൽ അറുപത് ദശലക്ഷം ആളുകൾ യാത്രക്കായി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്ന മക്ക – ജിദ്ദ – മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ റെയിൽവേയുടെ ജിദ്ദ മദീന പാതയിലെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. മണിക്കൂറിൽ 300 – 330 കിലോ മീറ്റർ വേഗതയിൽ ഓടുന്ന ഹറമൈൻ അതിവേഗ പാത യാഥാർഥ്യമായാൽ ജിദ്ദയിൽ നിന്നും മദീനയിലേക്ക് കര മാർഗ്ഗം ഒന്നര മണിക്കൂർ യാത്ര കൊണ്ട് എത്താൻ കഴിയും.

നിർമാണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന, 2009ൽ പ്രവർത്തനം ആരംഭിച്ച ഹറമൈൻ റെയിൽവേ 2018 മാർച്ച് മാസത്തോടെ പൂർണ്ണമായും ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ 453 കിലോ മീറ്റർ ദൈർഘ്യമുള്ള മക്ക, മദീന എന്നീ പുണ്യ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ റെയിൽവേയിൽ മദീന, കിംഗ് അബ്ദുള്ള എക്കണോമിക് സിറ്റി റാബിഗ്, കിംഗ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം ജിദ്ദ, സുലൈമാനിയ ജിദ്ദ, മക്ക എന്നിങ്ങനെ അഞ്ച് റെയിൽവേ സ്റ്റേഷനുകൾ ആണുള്ളത്.

haramain, saudi arabia

ചൊവ്വാഴ്ച നടന്ന പരീക്ഷണ ഓട്ടം ജിദ്ദയിലെ സുലൈമാനിയ സ്റ്റേഷനിൽ നിന്നാണ് ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ചത്. റാബിഗ് സ്റ്റേഷനിൽ ഒന്നേ കാൽ മണിക്കൂർ നേരം നിർത്തിയിട്ട ട്രെയിൻ അവിടെ നിന്നും മൂന്നു മണിക്ക് പുറപ്പെട്ട് നാലേ കാലിന് മദീനയിൽ എത്തി. മക്ക പ്രവിശ്യാ ഡെപ്യുട്ടി ഗവർണർ അബ്ദുള്ള ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, സൗദി ഗതാഗത മന്ത്രി സുലൈമാൻ അൽ ഹംദാൻ, സ്പാനിഷ് കോൺട്രാക്ടിംഗ് കമ്പനിയിലെയും, സൗദി റെയിൽവേ ഓർഗനൈസേഷനിലെയും വിദഗ്ദർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ഉൾപ്പെടെ 470 യാത്രക്കാരാണ് പരീക്ഷണ ഓട്ടത്തിൽ ഉണ്ടായിരുന്നത്. മദീനയിൽ ഡപ്യൂട്ടി ഗവർണർ സൗദ് ബിൻ ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ നേതൃത്വത്തിലാണ് ട്രെയിനിനെ വരവേറ്റത്. അര മണിക്കൂർ മദീന സ്റ്റേഷനിൽ തങ്ങിയ ട്രെയിൻ നാലേ മുക്കാലോടെ ജിദ്ദയിലേക്ക് തിരികെ പുറപ്പെട്ടു. മദീന ഡെപ്യുട്ടി ഗവർണറും മടക്കയാത്രയിൽ സംഘത്തോടൊപ്പം ചേർന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ