ജിദ്ദ: ജിദ്ദയിലെ കാളികാവ് പ്രവാസി അസോസിയേഷനും (കാപ്പ) ഫോക്കസ് ജിദ്ദയും സംയുക്തമായി അൽ നൂർ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ വൃക്ക രോഗ നിർണയ മെഡിക്കൽ ക്യാംപ് മേയ് 5 വെള്ളിയാഴ്ച ജിദ്ദ ഷറഫിയ്യയിലെ അൽ നൂർ മെഡിക്കൽ സെന്ററിൽ നടക്കുമെന്ന് സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. ഫോക്കസുമായി സഹകരിച്ച് കാപ്പ നടത്തുന്ന രണ്ടാമത് മെഡിക്കൽ ക്യാംപാണ് ഇത്. രാവിലെ 8 മണിക്ക് ആരംഭികുന്ന ക്യാംപ് വൈകീട്ട് 4 മണി വരെ തുടരും. കിഡ്നി സംബന്ധമായ രോഗങ്ങള്‍ ക്രാമാധീതമായി വർധിച്ചു വരുന്ന സഹചര്യത്തില്‍ രോഗത്തെ നേരത്തെ കണ്ടെത്താ‍നുള്ള കീ (KEE) അഥവാ കിഡ്നി ഏര്‍ളി ഇവാല്യൂവേഷൻ എന്ന ഈ പദ്ധതി പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും.

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളെ കേന്ദ്രീകരിച്ചു ഫോക്കസിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഇരുപത്തിഒന്നാമത് കീ (KEE ) ക്യാംപ് ആണ് ഇത്. വ്യത്യസ്ഥ മെഡിക്കല്‍ ക്യംപുകളിലായി ആയിരങ്ങളെ സൗജന്യ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പിങ് ഹാന്‍ഡ്സ് ചാരിറ്റബില്‍ സൊസൈറ്റിയാണ് ഈ പദ്ധതിക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. മൊബൈല്‍ ലബോറട്ടറി സൗകര്യം വിനിയോഗപ്പെടുത്തി ഹെല്‍പ്പിങ് ഹാന്‍ഡ്സ് 300 ഓളം സമാനമായ ക്യാംപുകള്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

കിഡ്നി സംബന്ധമായ രോഗങ്ങള്‍ ആരംഭ ദിശയില്‍ തന്നെ കണ്ടെത്തി പ്രതിവിധിയും ബോധവല്‍ക്കരണവും നല്‍കുക എന്നതാണ് ക്യാംപിന്റെ പ്രധാന ലക്ഷ്യം. ജിദ്ദ ഏരിയയിലെ ബക്കാല, ബൂഫിയ തൊഴിലാളികളും ഹൗസ് ഡ്രൈവര്‍മാരുമടക്കം സാധാരണക്കാരെയാണ് ഈ ക്യാംപ് പ്രധാനമായും ലക്ഷ്യം വെക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

പത്രസമ്മേളനത്തില്‍ കാപ്പ ഭാരവാഹികളായ സകീർ പെരുണ്ട, ഷാനവാസ് വി.പി., ഹുമയൂൺ കബീർ, നൂറുദ്ദീൻ കെ.ടി, അബ്ദുൽ നാസർ കെ.ടി, ഫോക്കസ് ഭാരവാഹികളായ ശറഫുദ്ദീൻ മേപ്പാടി, ജരീർ വേങ്ങര, അൽ നൂർ ഓപ്പറേഷൻ മാനേജർ മുഹന്നദ്, മാർക്കറ്റിങ് മാനേജർ രാഹുൽ രമേഷ് ഹബീബ് റഹ്‌മാൻ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ