മനാമ: ബഹുനില കെട്ടിടത്തില്‍നിന്നും പൊടുന്നനെ താമസക്കാരെ ഒഴിപ്പിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ തെരുവിലായി. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ”ഭൂത് ബില്‍ഡിങ്”എന്നറിയപ്പെടുന്ന കെട്ടിടത്തില്‍ ഞായറാഴ്ച രാവിലെയാണ് അധികൃതര്‍ താമസക്കാരെ ഒഴിപ്പിച്ചത്. തുടര്‍ന്ന് പെട്ടിയും കിടക്കയുമായി നിരവധി പേര്‍ മണിക്കൂറുകളോളം തെരുവില്‍ കഴിച്ചു കൂട്ടി.

devil building,manama

കുടിയൊഴിപ്പിക്കപ്പെട്ടവർ തെരുവിൽ

കെട്ടിടത്തിന്റെ സുരക്ഷാപ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് താമസക്കാരെ ഒഴിപ്പിച്ചതെന്നാണ് വിവരം. വളരെ പഴക്കമുള്ള കെട്ടിടത്തില്‍, വൃത്തിഹീനമായ സാഹചര്യത്തിലാണ് നൂറുകണക്കിന് തൊഴിലാളികള്‍ താമസിച്ചിരുന്നത്. അഗ്‌നിബാധ പോലുള്ള സാഹചര്യങ്ങള്‍ ഉണ്ടായാല്‍, ആളെ ഒഴിപ്പിക്കാനുള്ള സംവിധാനമില്ല.വയറിങും മറ്റും ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍, ഷോര്‍ട് സര്‍ക്യൂട്ടിനും സാധ്യതയുണ്ട്. ഇതുസംബന്ധിച്ച് ഈ മാസം13ന് തന്നെ മുനിസിപ്പാലിറ്റി അധികൃതര്‍ കെട്ടിടത്തിന് പുറത്ത് നോട്ടിസ് പതിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം ആരും ശ്രദ്ധിച്ചിട്ടില്ല. ഉടമകളാകട്ടെ, ഈ വിവരം താമസക്കാരോട് സംസാരിച്ചതുമില്ല. ഇതാണ് സാധാരണക്കാരായ പ്രവാസികള്‍ക്ക് വിനയായത്.
ഞായറാഴ്ച കാലത്ത് പൊലിസും മുനിസിപ്പല്‍ അധികൃതരുമെത്തിയപ്പോള്‍ പലരും മുറി വിട്ടിരുന്നു. പല കമ്പനികളുടെയും സാധാരണ തൊഴിലാളികള്‍ക്കുള്ള അക്കമഡേഷന്‍ ഇവിടെയാണ്.’ഭൂരിഭാഗം താമസക്കാരും ബംഗ്ലാദേശ്, പാകിസ്ഥാന്‍ സ്വദേശികള്‍. മലയാളികളുടെ എണ്ണം കുറവാണ്.

devil building, manama

കുടിയൊഴിപ്പക്കപ്പെട്ടവർ തെരുവിൽ സാധനങ്ങളുമായി

രാവിലെ പത്തരയോടെയാണ് ഒഴിപ്പിക്കല്‍ തുടങ്ങിയത്. തുടര്‍ന്ന് ബില്‍ഡിങിനു താഴെയും റോഡിനു എതിരെയുമായി പെട്ടിയും കിടക്കയും പാത്രങ്ങളും എസി യുമൊക്കെയായി കുടിയിറങ്ങിയ നിരവധി പേരെ കാണാമായിരുന്നു. പെട്ടെന്ന് റൂം വിട്ടതിനാല്‍ ഇവര്‍ എങ്ങോട്ട് പോകണമെന്നറിയാതെ റോഡരികില്‍ കഴയങ്ങി. രാത്രി വൈകിയാണ് എല്ലാവരും സ്ഥലം വിട്ടത്. ചിലര്‍ സുഹൃത്തുക്കളുടെ മുറികളിലേക്ക് പോയി.
മലയാളികള്‍ക്കിടയില്‍ ചെകുത്താന്‍ കെട്ടിടം എന്ന് അറിയപ്പെട്ടിരുന്ന ഇവിടെ ആയിരത്തോളം താമസക്കാരുണ്ടെന്നാണ് അനൗദ്യോഗിക വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ