മനാമ: മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടികളും നിയമങ്ങളും പരിപാലിക്കുന്നതില്‍ ബഹ്‌റൈന്‍ പ്രതിജ്ഞാബദ്ധമാണെന്നു രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ പറഞ്ഞു. ബഹ്‌റൈന്‍ സംസ്‌കാരത്തിന്റെ മര്‍മ്മമായി നിലകൊള്ളുന്നത് മനുഷ്യാവകാശമാണ്. ഇസ്‌ലാമിക വിശ്വാസത്തിന്റെയും അറബ് അസ്ഥിത്വത്തിന്റെയും അടിസ്ഥാനവും മനുഷ്യാവകാശമാണെന്നു രാജാവ് വ്യക്തമാക്കി.

സഫ്‌റിയ കൊട്ടാരത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് (എന്‍ഐഎച്ച്ആര്‍) ചെയര്‍മാന്‍ സെയ്ദ് ബിന്‍ മുഹമ്മദ് അല്‍ ഫിഹാനി, രാജകീയ ഉത്തരവു പ്രകാരം എന്‍ഐഎച്ച്ആര്‍ കമ്മീഷന്‍ ബോര്‍ഡ് അംഗങ്ങളായി നിയുക്തരായവരെ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു രാജാവ്. എന്‍ഐഎച്ച്ആര്‍ ആക്ടിങ് സെക്രട്ടറി ജറല്‍ ഡോ. ഖലീഫ ബിന്‍ അലി അല്‍ ഫാദെലും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. പുതുതായി നിയമിതരായ അംഗങ്ങളെ രാജാവ് ആശംസകള്‍ അറിയിച്ചു.

പ്രവര്‍ത്തന ക്ഷമതയും വൈദഗ്ധ്യവും ഉപയോഗപ്പെടുത്തി ദേശീയ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ അംഗങ്ങള്‍ക്കു കഴിയട്ടെയെന്നു രാജാവു പറഞ്ഞു. രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിച്ച സ്ഥാനമൊഴിയുന്ന അംഗങ്ങളെ രാജാവ് പ്രശംസിച്ചു. മനുഷ്യാവകാശ രംഗത്തു പ്രവര്‍ത്തിക്കുന്ന ബഹ്‌റൈനികളുടെ കഴിവും പ്രാപ്തിയും മേഖലയിലും അന്താരാഷ്ട്ര പശ്ചാത്തലത്തിലും ശ്രദ്ധേയമാണ്. രാജ്യത്തെ മനുഷ്യാവകാശം കാത്തു സൂക്ഷിക്കുന്നതില്‍ കമ്മീഷന്റെ പ്രവര്‍ത്തനം അത്യന്തം ജാഗ്രതാ പൂര്‍ണമാണ്.

രാജ്യത്തിന്റെ ചരിത്രപരമായ പൈതൃകവും സഹവര്‍ത്തിത്വവും ഐക്യവും സമത്വവും ബഹുസ്വരതയും കാത്തു സൂക്ഷിക്കുന്നതില്‍ ആധുനിക ഭരണഘടനാ വ്യവസ്ഥകള്‍ പരിപാലിക്കുന്ന രാജ്യമാണു ബഹ്‌റൈന്‍. ജനീവയില്‍ നടന്ന ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൗണ്‍സിലിന്റെ മൂന്നാമത് അവലോകനം ബഹ്‌റൈന്റെ സുപ്രധാനമായ മനുഷ്യാവകാശ നേട്ടം ചൂണ്ടിക്കാണിക്കുകയുണ്ടായെന്നും രാജാവ് പറഞ്ഞു.

നന്മയില്‍ പങ്കാളികളാക്കാന്‍ ആഹ്വാനം: ഒഐസിസി
മനാമ: തീവ്രവാദത്തില്‍ നിന്നും കലാപങ്ങളില്‍ നിന്നും യുവാക്കളെ അകറ്റണമെന്നും സമൂഹത്തിന്റെ നന്മയില്‍ അവരെ പങ്കാളികളാക്കണമെന്നും അബിദ് ജാനില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒഐസി) അംഗ രാജ്യങ്ങളുടെ 44-ാമത് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളത്തില്‍ ബഹ്‌റൈന്‍ പ്രതിനിധികരിച്ച് വിദേശ മന്ത്രാലയം ഓര്‍ഗനൈസേഷന്‍സ് ഡയറക്ടര്‍ അംബാസിഡര്‍ തൗഫീഖ് അഹ്മദ് അല്‍ മന്‍സൂര്‍ ഉള്‍പ്പെടുന്ന പ്രതിനിധി സംഘം പങ്കെടുത്തു.

യുവാക്കളും സമാധാനവും വികസനവും ലോക ഐക്യത്തിന് എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണു രണ്ടു ദിവസത്തെ സമ്മേളനം ചേര്‍ന്നത്. ഇസ്‌ലാമിക പശ്ചാത്തലത്തില്‍ നിലനില്‍ക്കുന്ന വിവിധ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. പലസ്തീന്‍ വിഷയങ്ങള്‍, അറബ് ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍, ഇസ്‌ലാമികേതര രാഷ്ട്രങ്ങളിലെ മുസ്‌ലിം ഗ്രൂപ്പുകളും സമൂഹങ്ങളും അഭിമുഖീകരിക്കുന്ന സാഹചര്യങ്ങള്‍, ഇസ്‌ലാമോ ഫോബിയ സൃഷ്ടിക്കുന്ന പ്രതിഭാസങ്ങള്‍, മതങ്ങളെ അപകീര്‍ത്തിപ്പെടുത്തല്‍, ഭീകരതയേയും അക്രമാസക്ത തീവ്രവാദത്തേയും നേരിടല്‍, ഇസ്‌ലാമിക ലോകത്തെ സംഘര്‍ഷങ്ങള്‍, ഇസ്‌ലാമിക രാഷ്ട്രങ്ങളെ ബാധിക്കുന്ന ഇതര വിഷയങ്ങള്‍ എന്നിവയാണു സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ