മനാമ: ബഹ്‌റൈനില്‍ ഭീകരാക്രമണങ്ങള്‍ക്കു തയാറെടുപ്പു നടത്തിയ സംഘം പിടിയിലായതായി പൊതുസുരക്ഷ വിഭാഗം മേധാവി മേജര്‍ ജനറല്‍ താരിഖ് ബിന്‍ ഹസന്‍ അല്‍ഹസന്‍ അറിയിച്ചു. അല്‍ അഷ്തര്‍ ഭീകര സംഘത്തില്‍ പെട്ട നിരവധി പേരാണു പൊലീസ് നടപടിയില്‍ പിടിയിലായത്. ബോംബ് നിര്‍മിക്കുന്നതിന്റെ ദൃശ്യം ചിത്രീകരിച്ച് അത് ഇറാനിലെ ഭീകരസംഘടന നേതാക്കള്‍ക്ക് അയച്ച ശേഷം ലഭിച്ച നിര്‍ദേശമനുസരിച്ച് പ്രഹരശേഷി വര്‍ധിപ്പിക്കാനുള്ള കാര്യങ്ങള്‍ ഇവര്‍ ചെയ്തതായി ആദ്യ അന്വേഷണത്തില്‍ വ്യക്തമായതായി അദ്ദേഹം പറഞ്ഞു.

‘ദ ആക്‌സ്’ എന്ന പേരില്‍ നടത്തിയ സുരക്ഷാനടപടിയില്‍ അല്‍ദൈറില്‍ നിന്നു ബോംബ് നിര്‍മാണ സാമഗ്രികളും അത്യുഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. ഇത് പിന്നീട് നിര്‍വീര്യമാക്കി. 52കിലോയോളം ടി.എന്‍.ടി സ്‌ഫോടക വസ്തുക്കള്‍, യൂറിയ നൈട്രേറ്റ്, അമോണിയം നൈട്രേറ്റ്, സ്‌ഫോടക വസ്തു നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയവ കണ്ടെടുത്തു. ഇതു പൊട്ടിത്തെറിച്ചാല്‍ 600 മീറ്റര്‍ പരിധിയില്‍ ആഘാതമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതില്‍ മിക്ക വസ്തുക്കളും ബഹ്‌റൈനില്‍ നിര്‍മിച്ചവയല്ല എന്ന് കരുതുന്നു.

മേഖലയില്‍ കൂടുതല്‍ സുരക്ഷ ഭടന്‍മാരെ വിന്യസിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ എത്തി സാംപിളുകള്‍ ശേഖരിച്ചു. പബ്ലിക് പ്രൊസിക്യൂട്ടറുടെ സാന്നിധ്യത്തിലാണ് കുറ്റകൃത്യ വിഭാഗം സ്‌ഫോടകവസ്തുക്കള്‍ തരംതിരിച്ചത്. ഈയിടെ രാജ്യത്ത് നടന്ന നിരവധി ആക്രമണങ്ങളില്‍ പിടിയിലായ സംഘത്തില്‍പെട്ടവര്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്നു. രണ്ടു ഭീകര സെല്ലുകളിലുള്ളവരാണ് പിടിയിലായത്. ഇതില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടത്തിയ സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട അബ്ദുല്ല അബ്ദുല്‍ മഹ്ദി ഹസന്‍ അല്‍ അറാദി (24), ഹാനി സഊദ് ഹുസൈന്‍ അല്‍ മുഅമീന്‍ (19) എന്നിവരും ഉള്‍പ്പെടും. ഈ രണ്ടു സെല്ലിനും ഇറാനില്‍ ഒളിവില്‍ കഴിയുന്ന ഹുസൈന്‍ അലി അഹ്മദ് ദാവൂദ് എന്ന ഭീകരനുമായി ബന്ധമുള്ളതായി കരുതുന്നു. ഇവര്‍ക്ക് രാജ്യത്തെ മറ്റ് ഭീകര ഗ്രൂപ്പുകളുമായുള്ള ബന്ധം അന്വേഷിച്ചുവരികയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ