മനാമ: ബഹ്‌റൈനില്‍ ഭീകരവാദ, സായുധ കുറ്റ കൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന സാധാരണക്കാരെയും സൈനിക കോടതി വിചാരണക്കു വിധേയമാക്കാനുള്ള ഭരണഘടനാ ഭേദഗതിക്ക് ബഹ്‌റൈന്‍ രാജാവിന്റെ അംഗീകാരം. ദേഗതി കഴിഞ്ഞ മാസം അഞ്ചിന് പാര്‍ലമെന്റിന്റെ ഉപരി സഭയായ 40 അംഗ ശൂറാ കൗണ്‍സിൽ അംഗീകരിച്ചിരുന്നു. ഫെബ്രുവരി 21ന് അധോസഭയായ ജനപ്രാതിനിധ്യ കൗണ്‍സിലും ബില്ലിന് അംഗീകാരം നല്‍കി. രാജ്യത്തു വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സൈനിക കോടതിക്ക് ആരെയൊക്കെ വിചാരണ ചെയ്യാമെന്ന് നിയന്ത്രിക്കുന്ന ഭണഘടനയിലെ ഇതു സംബന്ധിച്ച ഭാഗമാണ് ഭേദഗതി വരുത്തിയത്.

രാജ്യം നിലവില്‍ അഭിമുഖീകരിക്കുന്ന സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ സമാധാനവും സുരക്ഷയും സുസ്ഥിരതയും പരിപാലിക്കാന്‍ ഭേഗതി അനിവാര്യമാണെന്ന് കഴിഞ്ഞ മാസം ശൂറാ കൗണ്‍സിലില്‍ ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ ഇസ്ലാമിക് കാര്യ, നീതിന്യായ മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അലി അല്‍ ഖലീഫ ബില്‍ വ്യക്തമാക്കിയിരുന്നു. മിലിഷ്യകളുടെയും സായുധ സംഘങ്ങളുടെയും മുന്നേറ്റത്തിനു സാക്ഷിയാകുന്ന നാലാം തലമുറ യുദ്ധമാണ് നാം ഇന്ന് അഭിമുഖീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സായുധരായ ഭീകരര്‍ ജീവനും വസ്തുവകകളും ലക്ഷ്യമിടുകയാണ്.

ഭീകരര്‍ക്ക് യുദ്ധം ചെയ്യാനുള്ള പരിശീലനവും ലഭിക്കുന്നു. ഇത് അനുയോജ്യമായ നിയമങ്ങളിലൂടെ നേരിടണം. മാതൃരാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണ സംവിധാനം വികസിപ്പിക്കേണ്ടത് ആവശ്യമായി വന്നിരിക്കയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സായുധ കുറ്റവാളികളെയല്ലാതെ, സാധാരണക്കാരെ ഒരിക്കലും സൈനിക കോടതി പ്രോസിക്യൂട്ട് ചെയ്യില്ല. സാധാരണ കോടതികള്‍ക്കു തുല്യമായ പ്രാധാന്യവും യോഗ്യതയുമുള്ളവര്‍ തന്നെയായിരിക്കും സൈനിക കോടതി ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ