മനാമ: ബഹ്‌റൈന്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, അറബി ഭാഷാ സമര അനുസ്മരണ സമ്മേളനം ജൂലൈ 28ന് ബഹ്‌റൈന്‍ ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയില്‍ ഏറനാട് എംഎല്‍എ പി.കെ.ബഷീര്‍, പ്രഗല്‍ഭവാഗ്മി ഹംസ ദാരിമി അമ്പലക്കടവ് എന്നിവര്‍ പ്രസംഗിക്കും. വിവിധ ജിസിസികളിലെ കെഎംസിസി നേതാക്കളും പരിപാടിയില്‍ സംബന്ധിക്കും. രാത്രി 8 നു പരിപാടികള്‍ ആരംഭിക്കും.

മലപ്പുറം ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന റഹ്മ 20162017 ജീവകാരുണ്യ പദ്ധതികള്‍ വലിയ ജന പിന്തുണയോടെ മുന്നോട്ടു പോവുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ 51 പ്രവാസി ബൈത്തുറഹ്മ പദ്ധതിക്കും മലപ്പുറം ജില്ലയിലെ സിഎച്ച് സെന്ററിനും ധന സഹായം കൈമാറി. പ്രവാസി വിധവാ പെന്‍ഷന്‍, ഡയാലിസിസ് ധനസഹായം, തീരദേശ മേഖലയില്‍ ധന സഹായം, നിത്യ രോഗികളായ മുന്‍ പ്രവാസികള്‍ക്കുള്ള ചികില്‍സാ സഹായം എന്നിവ നിര്‍വഹിച്ചു വരുന്നു. പുതിയ കമ്മിറ്റി നിലവില്‍ വന്ന ശേഷം 65 ലക്ഷം രൂപയുടെ സഹായ പദ്ധതികള്‍ നിര്‍വഹിച്ചു കഴിഞ്ഞതായി അവര്‍ പറഞ്ഞു.

2017-18 വര്‍ഷത്തില്‍ നിര്‍ധന യതിം കുട്ടികളുടെ സമൂഹ വിവാഹം, 105 കാന്‍സര്‍, വൃക്കരോഗികള്‍ക്കുള്ള സഹായം, ബഹ്‌റൈനിലെ ലേബര്‍ ക്യാമ്പുകളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, അപകടത്തില്‍ തളര്‍ന്നു കിടക്കുന്ന രോഗികള്‍ക്കുള്ള ധന സഹായം, തീരദേശ മേഖലയിലെ യതിം കുട്ടികള്‍ക്കു പെരുന്നാള്‍ വസ്ത്രങ്ങള്‍, നിര്‍ധന പ്രവാസികള്‍ക്കു പെന്‍ഷന്‍, നിര്‍ധ വിധവകള്‍ക്കു തയ്യല്‍മെഷിന്‍ എന്നീ പദ്ധതികള്‍ നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ജില്ലാ പ്രസിഡന്റ് സലാം മമ്പാട്ടുമൂല, ജില്ലാ ഭാരവാഹികളായ അബ്ദുല്‍ ഗഫൂര്‍ അഞ്ചച്ചവിടി, ഷംസുദ്ദീന്‍ വളാഞ്ചേരി, റിയാസ് വെള്ളച്ചാല്‍, ഷാഫി കൊട്ടയാക്കല്‍, ഉമ്മര്‍ മലപ്പുറം, മൗസല്‍ മൂപ്പന്‍, അഷ്‌റഫ് കൊണ്ടോട്ടി, മാനു തുവ്വൂര്‍, സുലൈമാന്‍ മംഗലം, ഗഫൂര്‍ കാളികാവ്, ഷിഹാബ് നിലമ്പൂര്‍ എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ