റിയാദ്: സൗദി അറേബ്യയുമായുമായുള്ള സൗഹൃദ ബന്ധത്തിന്റെ പുതിയ അധ്യായം രചിച്ച് പൂർണ്ണ സംതൃപ്തിയോടെ സുഷമ സ്വരാജ് മടങ്ങി. ചൊവ്വാഴ്ച ഉച്ചക്ക് റിയാദിലെത്തിയ മന്ത്രി വൈകിട്ട് ഏഴ് മണിയോടെ ഇന്ത്യൻ പൗരസമൂഹത്തെ അഭിസംബോധന ചെയ്യാൻ ഇന്ത്യൻ സ്‌കൂൾ അങ്കണത്തിലെത്തിയിരുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഭിനന്ദിച്ചും ആശംസിച്ചും ഇരുപത് മിനിറ്റ് പ്രസംഗം. ശേഷം വേദി വിട്ടു. നേരെ പോയത് അംബാസഡർ ഒരുക്കിയ അത്താഴ വിരുന്നിലേക്ക്. ബുധനാഴ്ച രാവിലെ വിദേശകാര്യ മന്ത്രാലയത്തിൽ സൗദി വിദേശകാര്യ വകുപ്പ് മന്ത്രി ആദിൽ ജുബൈറുമായി കൂടിക്കാഴ്ച നടത്തി.

വൈകീട്ട് നാലുമണിക്ക് സൗദി അറേബ്യയുടെ പൈത്രോകോത്സവ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ജനാദ്രിയയിലേക്ക്. രാജാവിനും സംഘത്തിനുമൊപ്പം ഒട്ടക ഓട്ട മൽസരത്തിൽ പങ്കെടുക്കാനെത്തി. അതു കഴിഞ്ഞ് അതിഥികൾക്ക് രാജാവ് ഒരുക്കിയ വിരുന്നിൽ പങ്കെടുത്ത് ജനാദ്രിയ ഉത്സവ നഗരിയിലെ ഇന്ത്യൻ പവലിയനിലേക്ക്. രാജാവ് എത്തും മുമ്പ് സുഷമ സ്വരാജ് പവലിയനിലെത്തി. അഞ്ചു മിനിറ്റിനകം സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ പവലിയനിലെത്തി. ഇരുവരും ഒന്നിച്ച് പവലിയനിൽ ഒരുക്കിയ കാഴ്ചകൾ കണ്ടു.

ഇരുപത് മിനിറ്റിൽ രാജാവ് പവലിയനിലേക്ക്. രാജാവിനൊപ്പം പവലിയൻ സന്ദർശിച്ച് മടങ്ങി. പിന്നീട് സൗദിയുടെ പരമ്പരാഗത കലാകാരന്മാരുടെ പ്രകടനം കാണാൻ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിൽ. ഹൃദ്യമായ ആതിഥേയത്വത്തിന് രാജാവിന് നന്ദിയറിച്ചു. ഉച്ചക്ക് ഒരു മണിയോടെ സുഷമ റിയാദിൽ നിന്ന് പറന്നു. അംബാസഡർ അഹമ്മദ് ജാവേദ്, ഡപ്യൂട്ടി ചീഫ് മിഷൻ സുഹൈൽ അജാസ് ഖാൻ, ഫസ്റ്റ് സെക്രട്ടറി ഹിഫ്‌സുറഹ്മാൻ, സൗദി അറേബ്യയുടെയും ഇന്ത്യയുടേയും പ്രോട്ടോക്കോൾ ഓഫീസർമാരും യാത്രയയ്ക്കാൻ എയർപോർട്ടിൽ എത്തിയിരുന്നു.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ