സ്വാതന്ത്ര്യത്തോടൊപ്പം വിഭജനവും ഏറ്റു വാങ്ങേണ്ടി വന്ന മഹാ ദുരന്തം എക്കാലവും നമ്മളെ വേട്ടയാടികൊണ്ടിരിക്കും. അവിടെ അന്ന് ഭൂമിശാസ്ത്രപരമായ വിഭജനം സംഭവിച്ചു. അതിന്റെ പേരിൽ ലോക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകൾക്കു അക്രമരാഹിത്യത്തിന്റെ പേരിൽ അഭിമാനം കൊള്ളുന്ന നമ്മുടെ സമൂഹം കാരണക്കാരായി. അതോടെ പാക്കിസ്ഥാൻ എന്ന ഇസ്‌ലാമിക രാഷ്ട്രം നമ്മുടെ അയൽക്കാരായി സ്ഥാപിക്കപ്പെട്ടു. ഇതിന്റെ പിന്നിൽ ആഹ്ലാദിച്ചവർ ആഗ്രഹിച്ചത് അതോടെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറുമെന്നായിരുന്നു. എന്നാൽ നമ്മുടെ ദേശീയ നേതാക്കളുടെ, പ്രത്യേകിച്ചും ഗാന്ധി, നെഹ്‌റു, അംബേദ്‌കർ തുടങ്ങിയവരുടെ ദീർഘ വീക്ഷണത്തോടെയുള്ള ഇടപെടൽ ഇതിനു ശക്തമായ തടയിട്ടു.

അതിനാൽ ആധുനിക ഇന്ത്യയിൽ സർവ മതസ്ഥരും സുരക്ഷിതരായി ജീവിച്ചുപോന്നു. പാക്കിസ്ഥാനിലേക്കു പോയ ഇസ്‌ലാം മതസ്ഥരേക്കാൾ മെച്ചപ്പെട്ട വിശ്വാസ ജീവിതം ഇവിടെ തന്നെ ജീവിക്കാൻ തീരുമാനിച്ച മുസ്‌ലിം മത വിശ്വാസികൾക്കു സാധിച്ചു. അവർ ഇന്ത്യക്കാരായതിൽ അഭിമാനം പൂണ്ടു. അത് ചരിത്രം.

ആഗ്രഹിച്ചതു ലഭിക്കാതെ പോയ ഹിന്ദു തീവ്രവാദികൾ തക്കം പാർത്തിരിക്കുകയായിരുന്നു. അവരുടെ ലക്ഷ്യം ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി മാറ്റണം എന്നതായിരുന്നു. അത് അത്ര എളുപ്പമല്ലെന്ന് അവർക്കറിയാം. അതിനാൽ ആദ്യം ഈ സമൂഹത്തിൽ വർഗീയ ധ്രുവീകരണം നടപ്പിലാക്കണം. അതിനുള്ള ഒരു അവസരവും അവർ ശ്രമിക്കാതെ വിട്ടില്ല. അങ്ങനെയാണ് അവർ അയോധ്യ എന്ന പ്രശ്നത്തെ കയ്യിലെടുക്കുന്നത് .

അന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തെ മുതലെടുത്തു കൊണ്ട് രാമജന്മഭൂമി പ്രശ്‍നം തീവ്ര ഹൈന്ദവ സംഘടനകൾ കുത്തിപ്പൊക്കി. ഇത് കുത്തിപ്പൊക്കുന്ന കാലത്ത് അയോധ്യ യാത്രയും മറ്റുമായി അഡ്വാനിയുടെ നേതൃത്വത്തിൽ ബിജെപിയും ആർഎസ്എസ്സും ബ്രാഹ്മണിക് അജണ്ട നടപ്പാക്കാൻ കൂടി ഒരുങ്ങുകയായിരുന്നു. വി.പി.സിങ് ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യയിലെ അധഃസ്ഥിതരായ അവർണക്ക് സാമൂഹിക നീതി ലഭ്യമാക്കാൻ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴാണ് ഹിന്ദുഐക്യത്തിന്റെ ബ്രാഹ്മണിക്ക് അജണ്ട ആർഎസ്എസിന്റെ ബൗദ്ധിക അടുപ്പിൽ വെന്തുതുടങ്ങിയത് എന്നോർക്കണം. ഇരുതല മൂർച്ചയുള്ള മണ്ഡൽ കമ്മീഷൻ തീരുമാനത്തെ തടുത്തു നിർത്താൻ ആർക്കും കഴിയുമായിരുന്നില്ല. അതിനോട് എതിർത്ത് ഒരു നിലപാടെടുത്താൽ പിന്നെ ഹിന്ദു രാഷ്ട്രം അസാധ്യമാണെന്ന് ആർഎസ്എസ് നേതൃത്വം തിരിച്ചറിഞ്ഞു. എന്നാൽ അതിനെ പൂർണമായും അംഗീകരിക്കാൻ അവരുടെ സവർണ നേതൃത്വം ഒരുക്കവുമായിരുന്നില്ല.

ഇതിനോടുള്ള ഒരു പ്രതിക്രിയ എന്ന നിലയിൽ എണ്ണയിട്ട യന്ത്രം പോലെ നടപ്പാക്കിയ കുടിലവും വർഗീയവുമായ തന്ത്രങ്ങളുടെയും രാഷ്ട്രീയ ഗൂഢാലോചനയുടെയും അവസാനമായിരുന്നു കാൽ നൂറ്റാണ്ട് മുമ്പ് ഇന്ത്യൻ ജനാധിപത്യത്തിന്രെയും ബഹുസ്വരബോധത്തിന്രെയും വിവേകത്തിന്രെയും തലച്ചോർ ശിരച്ഛേദം ചെയ്തു മാറ്റി അന്ധവിശ്വാസത്തിന്റെയും ഹിന്ദുതീവ്രവികാരത്തിന്രെയും കെട്ടുകഥകൾ പാവപ്പെട്ട ഹിന്ദുവിന്റെ തലയിൽ കടത്തി വിട്ടത് നടത്തിയ ഈ പൈശാചിക വൃത്തി നടപ്പിലാക്കിയത്.

നൂറ്റാണ്ടുകളായി അയോധ്യയിൽ നിലനിന്നിരുന്ന ആരാധനാലയം സംഘടിതമായി തകർക്കപ്പെട്ടു. അഞ്ചുമണിക്കൂർ കൊണ്ട് അവർ അന്ന് തകർത്തത് വെറുമൊരു കെട്ടിടമായിരുന്നില്ല. അത് ആധുനിക ഇന്ത്യയുടെ മനസ്സിനെത്തന്നെയാണ്. അതു തന്നെയാണ് അവർ ലക്ഷ്യമിട്ടതും. അതിലവർ വിജയം കണ്ടു. വിഭജനത്തിനു ശേഷം ഏറെ ശ്രദ്ധയോടെ നമ്മുടെ ദേശീയ നേതൃത്വം കെട്ടിപ്പടുത്ത രാഷ്ട്രസമൂഹത്തെ ഒറ്റ ദിവസം കൊണ്ട്, അതും വെറുമൊരു ആരാധനാലയത്തിന്റെ പേരിൽ തീക്കളി ഇളക്കി വിട്ടു അവർ വീണ്ടും വിഭജിച്ചുകളഞ്ഞു. അവിടെ നടന്നത് ഭൂമിശാസ്ത്രപരമായ വിഭജനമായിരുന്നില്ല; മറിച്ചു ഇന്ത്യ എന്ന ബഹുസ്വര സമൂഹം അവിടെ വിഭജിക്കപ്പെടുകയായിരുന്നു. ഹിന്ദു – മുസ്‌ലിം എന്ന വർഗീയ വിഭജനം സാധ്യമാക്കുക എന്ന ഹൈന്ദവ പൗരോഹിത്യത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ കാലം മുതലുള്ള ലക്ഷ്യം വിജയം കാണുകയായിരുന്നു. ഇന്ന് നമ്മുടെ മുന്നിൽ അരങ്ങേറുന്ന വർഗീയ -രാഷ്ട്രീയ മേൽക്കോയ്മയ്ക്കു അവിടെ തിരി കൊളുത്തപെട്ടു.

അധികാര ലബ്ദി ലക്ഷ്യമാക്കി ബിജെപിയുടെ നേതാക്കൾ മറ്റു ഹൈന്ദവ തീവ്രവാദ സംഘടനകളുടെ സഹായത്തോടെ നടപ്പിൽ വരുത്തിയ ഈ അരും കൊല പിന്നീടുള്ള ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെ മാറ്റിയെഴുതി. ഇനിയങ്ങോട്ട് കോടതികളും നിയമജ്ഞരും തലകുത്തി മറിഞ്ഞാലോചിച്ചാലും തിരിച്ചു കിട്ടാത്തവിധം ആധുനിക ഭാരത സമൂഹത്തിന്റെ ആത്മാവ് ആ ഡിസംബർ ആറിന് നമുക്ക് നഷ്ടമായി. അന്നത്തെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ ജാഗ്രത കുറവും, നരസിംഹ റാവു എന്ന ഭരണാധിപന്റെ തെറ്റായ സമീപനവും കാര്യങ്ങളെ അവർക്കു എളുപ്പമാക്കി കൊടുത്തു.

ആ കൊലപാതകത്തിന് നേതൃത്വം കൊടുത്തത് ലാൽ കൃഷ്ണ അഡ്വാനി എന്ന ബിജെപി നേതാവാണ്. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഭീകര കൊലയ്ക്കാണ് അന്ന് അദ്ദേഹം നേതൃത്വം കൊടുത്തത്. ആദ്യത്തേത് നാഥുറാം വിനായക് ഗോഡ്‌സെ നടത്തിയ ഗാന്ധിജിയുടെ കൊലയായിരുന്നു. അവിടെ വ്യകതിയാണ് കൊല ചെയ്യപ്പെട്ടത്. എന്നാൽ അത് വഴി മതേതര ഇന്ത്യ എന്ന സങ്കൽപ്പത്തെയാണ് ഗോഡ്സേയുടെയും കൂട്ടാളികളുടെയും തോക്കുകൾ ലക്ഷ്യമിട്ടത്‌. വർഷങ്ങൾക്കു ശേഷം അഡ്വാനിയുടെ നേതൃത്വത്തിൽ നടന്ന കൊലയും ലക്ഷ്യമിട്ടത് അത് തന്നെയായിരുന്നു. ആദ്യം വ്യക്തി കൊലചെയ്യപ്പെട്ടപ്പോൾ രണ്ടാമത് ചരിത്രസ്മാരകം ആണ് കൊലയ്ക്കു വിധേയമായത്.

ഗോഡ്‌സെ ചെയ്തതിനേക്കാൾ വലിയ പാതകമാണ് അഡ്വാനിയും കൂട്ടാളികളും അയോധ്യയിൽ നടത്തിയത്. അത് തിരിച്ചറിയാൻ നമ്മൾ വൈകും തോറും ഈ രാജ്യം പ്രാകൃത നൂറ്റാണ്ടുകളുടെ ഇരുണ്ട നാളുകളിലേക്ക് നീങ്ങികൊണ്ടിരിക്കും. വർഗീയ വിഷം ആർഎസ്എസ് / ബിജെപി കൂട്ടുകെട്ട് ഉദ്ദേശിച്ച പോലെ പടരില്ല എന്ന ഒരു തോന്നൽ അന്ന് തൊട്ട് ഇടതുപക്ഷവും മറ്റു പുരോഗമന ശക്തികളും വിചാരിച്ചു എങ്കിലും പിന്നീടുള്ള ചരിത്രം അങ്ങനെയല്ല തെളിയിച്ചത്. അന്ന് അഡ്വാനിക്കൊപ്പം ആ ദുഷ്ടകൃത്യത്തിൽ പങ്കാളികളായ പലരുമാണ് ഇന്ന് ഈ രാജ്യത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിൽ ഇരിപ്പുറപ്പിച്ചിട്ടുള്ളത്.

മുഖംമൂടിയണഞ്ഞ വർഗീയ വിഷം ഇന്ത്യയിലാകെ വിന്യസിക്കപ്പെടുകയും വർത്തമാന കാല ഇന്ത്യൻ സമൂഹം തിന്റെ കരാളഹസ്തത്തിൽ ഞെരിഞ്ഞമരുകയും ചെയുന്ന കാഴ്ചയ്ക്കാണ് ആ ഡിസംബർ ആറിൽ നിന്ന് ഇരുപത്തിയഞ്ചു വർഷം പിന്നിടുമ്പോൾ നമ്മൾ സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളി ഇതിൽ നിന്നുള്ള മോചനമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ