ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയേയും ദിനേശ് ശര്‍മ്മയേയും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മറ്റ് മന്ത്രിമാരേയും അദ്ദേഹം അഭിനന്ദിച്ചു.

ഉത്തര്‍പ്രദേശിനെ ഉത്തമ പ്രദേശ് ആക്കി മാറ്റാനുള്ള എല്ലാ പരിശ്രമങ്ങളും മന്ത്രിസഭ നടത്തുമെന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. വികസനം മാത്രമാണ് തങ്ങളുടെ ദൗത്യം. ഉത്തര്‍പ്രദേശ് വികസിക്കുമ്പോള്‍ രാജ്യം മുഴുവനും വികസിക്കും. യുപിയിലെ യുവാക്കളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുമെന്നും അവര്‍ക്ക് അവസരങ്ങള്‍ ഒരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തോടെ അഞ്ചില്‍ നാല് സംസ്ഥാനങ്ങളില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ കഴിഞ്ഞത് ജനങ്ങളുടെ അനുഗ്രഹവും, പ്രവര്‍ത്തകരുടെ കഠിനാധ്വാനവും ഒന്നുകൊണ്ട് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

തീവ്ര ഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ കേശവപ്രസാദ് മൗര്യയും ദിനേശ് ശർമ്മയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ഒരു മുസ്ലിം സ്ഥാനാർത്ഥിയെ പോലും നിർത്താതിരുന്നതിന് ബി ജെ പിക്കെതിരെ വിമർശനം ഉയർന്നിരുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ