ന്യൂഡൽഹി: ഇന്ത്യയിലെ പരാജിത പ്രണയബന്ധങ്ങള്ക്ക് പിന്നിലെ പൊതുവായ ഒരു കാരണം മാതാപിതാക്കളുടെ എതിർപ്പുമൂലം പെൺകുട്ടികൾക്ക് പ്രണയം ത്യജിക്കേണ്ടിവരുന്നതാണെന്ന് സുപ്രീംകോടതി. ഇത് ഇന്ത്യയിൽ സാധാരണമാണെന്നാണ് സുപ്രീംകോടതി ബെഞ്ചിന്റെ നിരീക്ഷണം. പ്രണയവിവാഹത്തിന് വീട്ടുകാര്‍ എതിർത്തത് മൂലം കമിതാക്കള്‍ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കേസില്‍ കാമുകന് ജീവപര്യന്തം തടവ് വിധിച്ച കീഴ്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഇങ്ങനെ നിരീക്ഷിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
മരണസമയത്ത് പെണ്‍കുട്ടി സിന്ദൂരവും വിവാഹമാലകളും വളകളും ധരിച്ചിരുന്നു. പരസ്പരം വിവാഹിതരായതിന് ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു ഇരുവരും വിചാരിച്ചത്. വിഷത്തിന്റെ അളവിലുള്ള വ്യത്യാസം കാരണമാകാം താന്‍ മരിക്കാതെ രക്ഷപ്പെട്ടതെന്ന് യുവാവ് വിചാരണ കോടതിയിൽ പറഞ്ഞിരുന്നു. യുവതിയുടെ നില വഷളായതിനെ തുടർന്ന് സഹായം അഭ്യർഥിക്കാനായി പുറത്തിറങ്ങിയ താൻ പിന്നീട് തിരിച്ചു റൂമിലെത്തിയപ്പോള്‍ കാമുകിയെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. അന്നേദിവസം പെൺകുട്ടിയെ വീട്ടുകാർ ക്രൂരമായി മർദിച്ചിരുന്നുവെന്നും യുവാവ് നൽകിയ മൊഴിയിൽ പറയുന്നു. 1995 നവംബറിലാണ് കേസിനാസ്പദമായ സംഭവം.
വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതയാകാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി നേരത്തെ കാമുകനോട് പറഞ്ഞിരുന്നുവെന്ന പരാമര്‍ശം വന്നപ്പോഴാണ് മാതാപിതാക്കളുടെ എതിർപ്പുമൂലം പെൺകുട്ടികൾക്ക് പ്രണയം ത്യജിക്കേണ്ടിവരുന്നത് ഇന്ത്യയിൽ സാധാരണമാണെന്ന നിരീക്ഷണം കോടതി നടത്തിയത്. ജാതിയിലുള്ള വ്യത്യാസം കാരണം കാമുകനായ യുവാവിനെ വിവാഹം കഴിക്കാൻ മകളെ അനുവദിച്ചിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവും കോടതിയിൽ സമ്മതിച്ചിരുന്നു.
കാമുകന് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിചാരണ കോടതി കണ്ടെത്തിയത്. തുടർന്നാണ് വിചാരണ കോടതി യുവാവിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. ഈ വിധി രാജസ്ഥാൻ ഹൈകോടതിയും ശരിവെച്ചു. യുവാവിന്റെ മൊഴി പരിഗണിച്ചാണ് ജസ്റ്റിസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണും ഇയാളുടെ ശിക്ഷ റദ്ദാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ