റാഞ്ചി: പതിനഞ്ച് മനുഷ്യരുടെ ജീവനെടുത്ത കൊലയാളിക്കൊമ്പനെ വെടിവച്ചു വീഴ്ത്തി. പ്രശസ്ത ഷൂട്ടര്‍ നവാബ് ഷാഫത്ത് അലി ഖാനാണ് ആനയെ വെടിവച്ചു കൊന്നത്. ജാര്‍ഖണ്ഡിലെ സാഹോബ്ഗഞ്ച് മേഖലയിലാണ് സംഭവം. തൊട്ടടുത്തുനിന്നാണ് ആനയെ വെടിവച്ചതെന്നും രണ്ട് തവണ നിറയൊഴിച്ചതായും ഷാഫത്ത് അലി ഖാന്‍ പറഞ്ഞു. ഹൈദരാബാദ് സ്വദേശിയാണ് ഇദ്ദേഹം.

രണ്ടു വെടിയുണ്ടകൾ തിരുനെറ്റിയിൽ തുളച്ചുകയറിയ ഗജവീരൻ നിമിഷങ്ങൾക്കകം ചെരിഞ്ഞു. മാർച്ചിൽ ബിഹാറിൽ നാലു പേരെ ചവിട്ടിക്കൊന്ന ആന പിന്നീട് അതിരി‍ത്തികടന്ന് ജാർഖണ്ഡിലേക്കെത്തുകയായിരുന്നു. ഇവിടെ ആനയുടെ ആക്രമണത്തിൽ 11 പേരാണ് കൊല്ലപ്പെട്ടത്. സാഹേബ്ഗഞ്ച് ജില്ലയിലെ ബൻജാലി ഗ്രമത്തിലെ ഉയർന്ന പ്രദേശങ്ങളിൽ വിഹരിച്ചിരുന്ന ആനയെ മയക്കുവെടിവെയ്ക്കാൻ സാധിക്കാത്തതിനാലാണ് കൊല്ലാൻ തീരുമാനിച്ചതെന്നാണ് സർക്കാരിന്റെ ന്യായീകരണം.

ആനയെ പിടികൂടാനും കാട്ടിലലേക്ക് തിരിച്ചയക്കാനും ശ്രമിച്ചെങ്കിലും ഫലം കാണാത്തതു കൊണ്ടാണ് കൊല്ലാന്‍ തീരുമാനിച്ചതെന്ന് ജാര്‍ഖണ്ഡ് ചീഫ് ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍ എല്‍ ആര്‍ സിങും അറിയിച്ചു. ആനയെ കണ്ടെത്താനുള്ള ശ്രമത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നൂറോളം നാട്ടുകാരും പങ്കെടുത്തു.

കാട്ടിനുള്ളില്‍നിന്ന് ആനയെ കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നെന്നും ഷാഫത്ത് അലി ഖാന്‍ പറഞ്ഞു. ഗവണ്‍മെന്റിന്റെ നിര്‍ദേശാനുസരണം 24 തവണ വന്യമൃഗങ്ങളെ ഇദ്ദേഹം വെടിവച്ചു വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഈ ആനയുടെ പ്രതികരണം തന്നെ അമ്പരപ്പിക്കുന്നതായിരുന്നെന്നും ഷാഫത്ത് അലി ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ